ആലപ്പുഴ: വായ്പാ കുടിശികക്ക് ആളു മാറി നോട്ടീസ് അയച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ യുക്തമായ പരിഹാരം അടിയന്തിരമായി കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
തുറവൂർ സൗത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കും ചേർത്തല അസി. ജോയിന്റ് രജിസ്ട്രാർക്കു (ജനറൽ) മാണ് കമ്മീഷൻ അംഗം വി..കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
പള്ളിത്തോട് മനക്കോടം സ്വദേശി മജീദ് സമർപ്പിച്ച പരാതിയിലാണ് നടപടി. മജീദിന്റെ പേരിലാണ് വായ്പാ കുടിശിക നോട്ടീസ് ലഭിച്ചത്. സഹകരണ സംഘം (ചേർത്തല) അഡീഷണൽ രജിസ്ട്രാർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ തുറവൂർ സൗത്ത് സർവീസ് സഹകരണ ബാങ്കിന് തെറ്റ് പറ്റിയതാണെന്നും പരാതിക്കാരനായ മജീദിന് സ്വന്തം പേരിലോ ജാമ്യം നിന്ന വകയിലോ വായ്പാ കുടിശികയില്ലെന്ന് വ്യക്തമാക്കി. പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടിൽ അഡീഷണൽ രജിസ്ട്രാർ ഖേദം പ്രകടിപ്പിച്ചു. നോട്ടീസിന്റെ പേരിൽ കുടുംബവുമായി അകലേണ്ടിവന്നതായും ഇപ്പോൾ വാടക വീട്ടിലാണ് താൻ താമസിക്കുന്നതെന്നും പരാതിക്കാരൻ അറിയിച്ചു. ആദ്യ നോട്ടീസ് ലഭിച്ചപ്പോൾ തന്നെ പരാതിക്കാരൻ ബാങ്ക് സെക്രട്ടറിയെ കണ്ടിരുന്നു. പരാതിക്കാരൻ കള്ള ഒപ്പിട്ടതായി ആരോപിച്ച് സെക്രട്ടറി വീണ്ടും കുടിശിക നോട്ടീസ് അയച്ചു. പരാതിക്കാരന് മാനസികമായും സാമ്പത്തികമായും കഷ്ട നഷ്ടങ്ങൾക്ക് കാരണമായ തെറ്റ് ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് കമ്മീഷൻ കണ്ടത്തി.