s

ആലപ്പുഴ: ലേല നടപടികൾ കൃത്യമായി നടക്കാതായതോടെ, ജില്ലയിലെ പൊലീസ് സ്റ്റേഷൻ വളപ്പുകളിലെ തൊണ്ടിമുതലുകൾ ഇഴജന്തുക്കൾക്ക് താവളമാകുന്നു. ആയിരക്കണക്കിന് വാഹനങ്ങളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്നത്. ഇരുചക്ര വാഹനങ്ങളാണ് അധികവും. കാറും വാനും ഓട്ടോറിക്ഷകളും മണ്ണ് കടത്തിന് കസ്റ്റഡിയിലായ ലോറികളും കൂട്ടത്തിലുണ്ട്. സ്റ്റേഷനുകളിൽ തൊണ്ടിമുതലുകളുടെ പരിശോധനയും കണക്കെടുപ്പും കൃത്യമായി നടക്കുന്നുണ്ടെങ്കിലും, ഇവ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നില്ല. കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ ലേല നടപടികളിലേക്ക് കടക്കാനാകൂ. ചില കേസുകളിൽ തൊണ്ടിമുതൽ കോടതിയിൽ ഹാജകരാക്കേണ്ടതുണ്ട്. ജില്ലയിൽ ചുരുക്കം സ്റ്റേഷനുകളിൽ മാത്രമാണ് അടുത്തകാലത്ത് ലേലവും കുടിയൊഴിപ്പിക്കലും നടന്നത്. വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ പലതും തുരുമ്പെടുത്ത് തുടങ്ങി. തൊണ്ടി വാഹനങ്ങൾ സ്ഥലം കവർന്നതോടെ, പല സ്റ്റേഷനുകളിലും ജീവനക്കാരുടെ വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്ത സ്ഥിതിയാണ്.

ഇടക്കിടെ നടക്കുന്ന കണക്കെടുപ്പ് ഒഴിച്ചാൽ, കാര്യമായ അനക്കം തട്ടാതെയാണ് വർഷങ്ങളായി വാഹനങ്ങൾ ഒരേ സ്ഥലത്ത് കിടക്കുന്നത്. ഇവയ്ക്കിടയിൽ വിഷപ്പാമ്പുകളുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ജീവനക്കാർ പലരും ഈ ഭാഗത്തേക്ക് അധികം പോകാറില്ല.

വാഹനങ്ങൾ ലേലം ചെയ്യുന്നത്

1. വാഹനം ലേലം ചെയ്യുന്നതിന് മുമ്പ് കത്തിലൂടെ രണ്ടുതവണ വാഹന ഉടമയെ അറിയിക്കണം

2. ഉടമ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ലേലം ചെയ്ത് തുക ഖജനാവിലേക്ക് വരവ് വയ്ക്കും

3. വാഹനങ്ങളുടെ വില നിശ്ചയിച്ച് വിൽക്കാനുള്ള ചുമതല എ.ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റിനാണ്

മാരാരിക്കുളം മോഡൽ

തൊണ്ടി മുതലുകൾ നീക്കം ചെയ്ത് സ്റ്റേഷൻ വളപ്പ് മനോഹരമാക്കി മാതൃക കാണിച്ചത് മാരാരിക്കുളം പൊലീസ് സ്റ്റേഷനാണ്. സ്റ്റേഷൻ വളപ്പിൽ ഗ്രോ ബാഗുകളിൽ ഉൾപ്പെടെ നട്ടിരിക്കുന്ന പൂകൃഷിക്ക് നേതൃത്വം നൽകുന്നത് പൊലീസുകാർ തന്നെയാണ്. ജില്ലയിൽ ഭൂരിപക്ഷം സ്റ്റേഷനുകളിലും വാഹന ലേലം നടന്നിട്ട് വർഷങ്ങൾ പിന്നിട്ടു.

കേസിൽപ്പെട്ട വാഹനങ്ങൾ സ്റ്റേഷൻ കോമ്പൗണ്ടുകളിൽ കിടക്കുന്നതിനാൽ ജീവനക്കാരുടെ വാഹനം വയ്ക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.

- പൊലീസ് ഉദ്യോഗസ്ഥൻ, ആലപ്പുഴ സൗത്ത് സ്റ്റേഷൻ