കായംകുളം: കായംകുളം നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ സത്യാഗ്രഹം നടത്തിയത് അഴിമതി നടത്താൻ നഗരസഭാ ഭരണ നേതൃത്വവും ഉദ്യോഗസ്ഥരും കൂട്ടുനില്ക്കാത്തതിനാലാണന്ന് ചെയർപെഴ്സൺ പി.ശശികല പറഞ്ഞു.
കായംകുളം നഗരസഭ 28 ാം വാർഡിൽ 2021 - 22 വാർഷിക പദ്ധതി പ്രകാരം ചമ്മന്തറ - പുള്ളുവൻതറ റോഡിൽ നഗരസഭ എൻജിനീയറിംഗ് വിഭാഗം എസ്റ്റിമേറ്റ് എടുത്ത് ഡി.പി.സി അംഗീകാരം നൽകിയതിന് വിരുദ്ധമായി വാർഡ് കൗൺസിലറും കോൺട്രാക്ടറും ചേർന്ന് മറ്റൊരു ഭാഗത്ത് റോഡ് നിർമ്മാണം നടത്തുകയാണ് ചെയ്തത്. നിർദ്ദിഷ്ട സ്ഥലത്തു നിന്നും മറ്റൊരു ഭാഗത്തേക്ക് മാറ്റി നിർമ്മാണ പ്രവർത്തനം നടത്തിയത് നഗരസഭ അറിയാതെയും എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുടെ അനുമതിയോ റിപ്പോർട്ടോ ഇല്ലാതെയുമാണ്.
എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അവരുടെ റിപ്പോർട്ട് ഇല്ലാത്ത ഒരു അജണ്ട തയ്യാറാക്കി കൗൺസിൽ യോഗത്തിൽ വച്ച് പാസാക്കണമെന്ന യു ഡി എഫിന്റെ പിടിവാശിക്കു ഭരണ നേതൃത്വം കൂട്ടുനില്ക്കാത്തതിനാലും അംഗീകരിക്കാത്തതിനാലുമാണ് ഇത്തരത്തിലുള്ള ഒരു സമര നാടകം യു.ഡി.എഫ് നടത്തിയത്.
വാർഡിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലുണ്ടായിരുന്ന മേട്രണെ മാറ്റി മറ്റൊരാളിന്റെ പേരാണ് തന്നത്. അയൽകൂട്ടം , എ ഡി എസ്,സി ഡി എസ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും തി​രഞ്ഞടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുകയും ചെയ്തു. ഈ സാഹചര്യത്തിൽ മൂന്നു വാർഡുകളിലെ തൊഴിലുറപ്പ് ജോലി നിർത്തി വയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ വാർഡിലും ജോലി നിർത്തിയത്.
വസ്തുത ഇതായിരിക്കെ കള്ള പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ജാള്യത മറച്ചുവയ്ക്കുന്നതിനും വേണ്ടിയുള്ള സമര നാടകമാണ് യു.ഡി.എഫ് നടത്തിയതെന്ന് ചെയർപെഴ്സൺ പറഞ്ഞു.