photo

ആലപ്പുഴ : പാചകവാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായതിനെത്തുടർന്ന് വീടിനു തീപിടിച്ചു ഫയർഫോഴ്സിന്റെ ഇടപെടലിൽ ദുരന്തം ഒഴിവായി. കളക്ടറേറ്റിനു സമീപം ആലിശേരി പറമ്പിൽ എ.ഹാരിയുടെ വീടിനാണ് ഇന്നലെ രാവിലെ 8.20 ഓടെ തീപിടിച്ചത്. പുതുതായി വാങ്ങിയ ഗ്യാസ് സിലിണ്ടറിലേക്ക് റഗുലേറ്റർ ഫിറ്റുചെയ്യുന്നതിനിടെ ശബ്ദത്തോടെ ഗ്യാസ് പുറത്തേക്കു പ്രവഹിച്ചു. ഉടൻതന്നെ ഹാരിയുടെ മകൾ ജാലിയയും ഭർത്താവ് ഷായും മകൻ അമർഷായും ചേർന്ന് കിടപ്പു രോഗികളായ ഹാരിയെയും ഭാര്യ ഷെറീഫാ ബീവിയെയും അയൽപക്കത്തെ വീട്ടിലേക്കുമാറ്റി. ഇവർ മടങ്ങി വരുമ്പോൾ സ്‌ഫോടന ശബ്ദത്തോടെ വീടിനു തീപിടിക്കുകയായിരുന്നു. അഗ്നിബാധയിൽ അടുക്കളയും സമീപ മുറിയും പൂർണമായി കത്തി നശിച്ചു. ടിവി, ബെഡ്, തുണികൾ എന്നിവയും അഗ്നിക്കിരയായി. വീട്ടുകാർ മോട്ടോർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്‌സെത്തി തീയണച്ചു. റെഗുലേറ്റർ ശരിയായി കണക്ട് ചെയ്യാത്തതാണ് അപകടകാരണമെന്നാണ് അനുമാനം. അസി. സ്റ്റേഷൻ ഓഫീസർ വി.വലന്റൈൻ, എച്ച്. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ആർ. മഹേഷ്, സി.കെ. സജേഷ്, സനുരാജ്, ജോസ് മോൻ, കെ.എസ് ആന്റണി എന്നിവർ ചേർന്നാണ് തീയണച്ചത്.