
ആലപ്പുഴ : അടുക്കളയിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഗ്രില്ലിൽ കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്സ് സംഘം രക്ഷിച്ചു. സർവോദയപുരത്തെ സോഷ്യോ ഇക്കണോമിക് സെന്ററിന്റെ അടുക്കളയിൽ കയറാൻ ശ്രമിച്ച പൂച്ചയാണ് ഗ്രില്ലിൽ കുടുങ്ങിയത്. രാവിലെ 6.45ന് സെന്ററിലെ ജീവനക്കാരാണ് പൂച്ച കുടുങ്ങിയത് ആദ്യം കണ്ടത്. ഗ്രില്ലിൽ തല മുറുകി നിന്നതിനാൽ ഇവർ രക്ഷിക്കാൻ നോക്കിയിട്ടും വിജയിച്ചില്ല. തുടർന്ന് ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്‌സെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഗ്രിൽ അകത്തി പൂച്ചയെ സ്വതന്ത്രനാക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ എച്ച്.സതീശന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സി.കെ.സജേഷ്, എ.ജെ. ബഞ്ചമിൻ, ടി. ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.