ചേർത്തല:ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലുയർന്ന പരാതികളിൽ ആരോപണ വിധേയയായ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം.ജോലി നിഷേധിച്ചതായി കാട്ടി തൊഴിലാളികളുയർത്തിയ പരാതികളിൽ ഓംബുഡ്‌സ്മാൻ ഇടപെട്ടാണ് പരിഹാരം കണ്ടത്.കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിലെ പ്രതിഷേധങ്ങൾ എൽ.ഡി.എഫിന് പ്രതിസന്ധിയാണ്. പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന 17ാം വാർഡിലാണ് തൊഴിലുറപ്പു പദ്ധതിയിൽ തർക്കങ്ങളും പരാതികളും ഉയർന്നത്.ഓംബ്ഡുസ്മാനു നൽകിയ പരാതികളിലും പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ബാബുക്കുട്ടനും സെക്രട്ടറി ശങ്കരൻകുട്ടിയും ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ സ്വന്തക്കാരേയും ബന്ധുക്കളേയും മേറ്റുമാരായി നിയമിച്ചുകൊണ്ട് വീട്ടിൽ അസുഖമായി കിടക്കുന്നവരെ പോലും മസ്റ്റ്റോളിൽ ഒപ്പിടീപ്പിച്ച് പണം നൽകി സ്വജന പക്ഷപാതവും അഴിമതിയുമാണ് നടത്തുന്നതെന്നാണ് ആരോപണം. ഓംബ്ഡ്‌സ് മാൻ നടത്തിയ തെളിവെടുപ്പിൽ ഗൗരവമായ വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിൽ പ്രസിഡന്റിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അവർ ആരോപിച്ചു.
ശനിയാഴ്ച നടക്കുന്ന പഞ്ചായത്തുകമ്മി​റ്റി യോഗത്തിൽ വിഷയം ചർച്ചയാക്കാനാണ് പ്രതിപക്ഷ തീരുമാനം.ഇതിനു ശേഷം വിഷയം രാഷ്ട്രീയമായി ഏ​റ്റെടുക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.പഞ്ചായത്തിൽ പ്രാതിനിധ്യമുള്ള ബി.ജെ.പിയും പ്രസിഡന്റിനെതിരെ രംഗത്തുവന്നിട്ടുണ്ട്.22അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് 11,കോൺഗ്രസ് 9,ബി.ജെ.പി ഒന്ന്,സ്വതന്ത്റൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.