
തനിമ നിലനിറുത്തി പൗരാണികതയുടെ പൈതൃകം തിരിച്ചുപിടിക്കാനുള്ള സംരംഭമാണ് ആലപ്പുഴ പൈതൃക പദ്ധതി. ആലപ്പുഴയുടെ മുഖഛായയ്ക്ക് മാറ്റുകൂട്ടുന്നതിനൊപ്പം സാമ്പത്തിക മുന്നേറ്റത്തിനും പദ്ധതി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2018ൽ പ്രഖ്യാപിച്ച പദ്ധതി നിശബ്ദമായി മുന്നേറുകയാണ്. ഗതകാല പ്രൗഢി വീണ്ടെടുക്കുന്ന തുറമുഖവും കടൽപ്പാലവും, സുന്ദരമാകുന്ന കനാലുകളും 'കിഴക്കിന്റെ വെനീസ്' എന്ന നഷ്ടപ്രതാപത്തെ തിരിച്ചുപിടിക്കും. തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസ് രൂപകൽപ്പന ചെയ്ത് ആലപ്പുഴയ്ക്ക് കിഴക്കിന്റെ വെനീസെന്ന മുദ്ര ചാർത്തിക്കൊടുത്തത് ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ജോർജ്ജ് നഥാനിയേൽ കഴ്സനാണ്. ഒരുകാലത്ത് സുഗന്ധദ്രവ്യങ്ങളുടെയടക്കം കയറ്റുമതിയിൽ പ്രധാന പങ്കുവഹിച്ചിരുന്ന ആലപ്പുഴ തുറമുഖത്തിന്റെ ചരിത്രമടക്കം മ്യൂസിയങ്ങളിലൂടെയും പുനർസൃഷ്ടികളിലൂടെയും വീണ്ടും ലോകത്തിന് മുന്നിലെത്തും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ഇടങ്ങളിലൊന്നായ ആലപ്പുഴയ്ക്ക് ടൂറിസം രംഗത്തും മുതൽക്കൂട്ടാവും പൈതൃക പദ്ധതി.
ആലപ്പുഴയെ പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്നതിലെ പ്രധാന ഭാഗമാണ് തുറമുഖ മ്യൂസിയം. തുറമുഖങ്ങളെക്കുറിച്ച് മാത്രമല്ല, തീര പ്രദേശത്തിന്റെയും സമുദ്രവ്യാപാര പാരമ്പര്യത്തിന്റെയും കഥകൾ മ്യൂസിയം പറയും. ആലപ്പുഴ തുറമുഖം 18ാം നൂറ്റാണ്ടിന്റെ അവസാനമാണ് പിറവികൊണ്ടത്. കാലങ്ങൾക്കിപ്പുറം തിരുക്കൊച്ചി സംയോജനത്തെ തുടർന്ന് വിദേശവ്യാപാരം കൊച്ചിയിലേക്ക് കേന്ദ്രീകരിച്ചതും, ആലപ്പുഴ വഴി അന്ന് റെയിൽവേ ലൈൻ ഇല്ലാതിരുന്നതും തിരിച്ചടിയായി.1989ലാണ് അവസാനമായി ഒരു കപ്പൽ ആലപ്പുഴ തുറമുഖത്തെത്തിയത്. പിന്നീട് കടൽപ്പാലവും റെയിലുകളും, അനുബന്ധമായ ഗോഡൗണുകളും ക്രമേണ ക്ഷയിച്ചു.
19 നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മരംകൊണ്ട് നിർമ്മിച്ച കടൽപാലം പിന്നീട് ഇരുമ്പ് തൂണുകൾക്ക് വഴിമാറി.1862ലാണ് ലൈറ്റ് ഹൗസ് സ്ഥാപിതമായി. രാജഭരണ കാലത്ത് പ്രവർത്തനം ആരംഭിച്ച സിഗ്നലിങ്ങ് സ്റ്റേഷൻ അടക്കമുള്ള സാങ്കേതിക പുരോഗതിയുടെ ചിത്രം മാരിടൈം സിഗ്നൽ മ്യൂസിയത്തിലൂടെ ലഭിക്കും. കടൽപ്പാല നവീകരണത്തിൽ പഴയ തൂണുകൾ അതേപടി നിലനിറുത്തും. കടൽപാലത്തിന്റെ ഭാരം പുതിയതായി സ്ഥാപിക്കുന്ന തൂണുകൾ വഹിക്കും. നിശ്ചിത ഫീസ് നൽകി മാത്രം പ്രവേശിക്കാൻ കഴിയുന്ന പാലത്തിൽ ഭക്ഷണശാല സ്ഥാപിക്കാനും ആലോചനയുണ്ട്. ചെറിയ പായ്ക്കപ്പലുകൾക്ക് അടുക്കുന്നതിനുള്ള സൗകര്യവും ഉൾപ്പെടുത്തിയാണ് രൂപകൽപ്പന.
ആലപ്പുഴ ബീച്ചും കടൽപാലവുമായി ബന്ധപ്പെടുത്തി പുറത്തുവന്ന സിനിമകളിലെ പ്രസക്തഭാഗങ്ങൾ തുടർച്ചയായി ഒരു മുറിയിൽ പ്രദർശിപ്പിക്കും. മ്യൂസിയങ്ങളെല്ലാം നാൽപ്പത്തഞ്ചോളം തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന 'സ്‌പൈസസ് റൂട്ട്' പദ്ധതിയുടെ ഭാഗമാക്കുന്നതോടെ മൂല്യവർദ്ധിത സാദ്ധ്യതകൾ തുറന്നുകിട്ടും. ആലപ്പുഴയിൽ എത്തിയിരുന്ന അറബി ഉരുകൾ ,പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് പായ് കപ്പലുകൾ, സ്റ്റീമർ കപ്പലുകൾ എന്നിവയുടെ മാതൃകകൾ പ്രദർശിപ്പിക്കും. ഇന്ത്യൻ നേവൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ടി 81 എന്ന കപ്പൽ ഇതിനകം എത്തിക്കഴിഞ്ഞു. ഇതിന് പുറമേ ബോട്ട് മ്യൂസിയത്തിൽ ആലപ്പുഴയിൽ ഉപയോഗത്തിലിരുന്ന എല്ലാത്തരം മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും പ്രദർശിപ്പിക്കും.
നിലവിൽ കലവൂരിലെ കേന്ദ്ര കയർ മ്യൂസിയവും രവി കരുണാകരൻ മ്യൂസിയവും കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലെ പുരാവസ്തുവകുപ്പിന്റ മ്യൂസിയവും കരുമാടിയിലെ ബുദ്ധപ്രതിമയായ കരുമാടിക്കുട്ടനുമാണ് പൗരാണികതയുടെ അടയാളങ്ങൾ പേറി ആലപ്പുഴയിലുള്ളത്. മ്യൂസിയങ്ങളില്ലെന്ന കുറവ് പരിഹരിക്കുന്നതിനായി തുറമുഖ,കയർ മേഖലയിലടക്കം 21 മ്യൂസിയങ്ങളാണ് പദ്ധതിയിൽ ഒരുങ്ങുന്നത്. കടൽപ്പാല പുനരുദ്ധാരണം,കനാൽ നവീകരണം പോലെ അഞ്ച് പൊതു ഇടങ്ങളുടെ വികസനവും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. സർക്കാർ-സ്വകാര്യമേഖലകളിലടക്കം 11 പഴയ കെട്ടിടങ്ങളാണ് പുനരുദ്ധരിക്കുന്നത്. എൻസൈക്ലോപീഡിയ പോലുള്ള ഭീമൻ മ്യൂസിയങ്ങൾക്ക് പകരം ഓരോ വിഷയത്തേയും ആസ്പദമാക്കിയുള്ള ചെറുമ്യൂസിയങ്ങളാണ് പൈതൃക പദ്ധതി വിഭാവനംചെയ്യുന്നത്. ആലപ്പുഴ തുറമുഖ മ്യൂസിയവും നവീകരിക്കുന്ന കടൽപ്പാലവും വിദേശരാജ്യങ്ങളിലെ നിർമ്മിതികളോട് കിടപിടിക്കുന്നതായിരിക്കും. പഴയ പോർട്ട് ഓഫീസുമായി ബന്ധപ്പെട്ട് ഉപയോഗശൂന്യമായി കിടന്ന ഇരുപതിനായിരത്തോളം ചതുരശ്ര അടി വരുന്ന പഴയ ഗോഡൗണുകളുമാണ് പോർട്ട് മ്യൂസിയത്തിനായി പുനരുദ്ധരിക്കുന്നത്. ഇതിനോട് ചേർന്ന് തുടക്കമിട്ട മിയാവാക്കി വനം കാടുകളില്ലാത്ത ആലപ്പുഴയ്‌ക്ക് പുതിയ അനുഭവമാണ്.
ആലപ്പുഴയുടെ കനാലുകളെ പഴയതു പോലെ മനോഹരമാക്കി മാറ്റാനുള്ള നടപടികൾക്ക് തുടക്കമായിട്ടുണ്ട്. 'തോട് ഓടയല്ല'എന്ന സന്ദേശം നൽകി ഹോട്ടൽ മാലിന്യം കനാലുകളിലേക്ക് ഒഴുക്കുന്ന രീതി അവസാനിപ്പിച്ച് ആധുനിക മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റും ഒരുങ്ങുന്നു. നവീകരിക്കുന്ന 24 കിലോമീറ്റർ കനാലുകളുടെ സംരക്ഷണ ചുമതലയും പൈതൃകപദ്ധതിയുടെ നിർവഹണം വഹിക്കുന്ന മുസരീസ് സ്‌പൈസ് റൂട്ട് ഹെരിറ്റേജ് പ്രോജക്ടിനാണ്. ഇലക്ട്രിക് ബോട്ടുകൾ, തീരങ്ങളിൽ സൈക്കിളിങ്ങ് ട്രാക്കുകൾ, വൈദ്യുതി വിളക്കുകൾക്ക് കീഴെ വിശ്രമിക്കാനായി ഇരിപ്പിടങ്ങൾ തുടങ്ങി പഴമയെ നിലനിറുത്തുന്ന വിധത്തിലാണ് പ്രോജക്ടിന്റെ ഘടനയെന്ന് മുസിരിസ് മാനേജിങ്ങ് ഡയറക്ടർ പി.എം.നൗഷാദ് വ്യക്തമാക്കി. കനാലുകളുടെ നവീകരണത്തിനും നഗര ശുചിത്വത്തിനുമായി 150 കോടിയാണ് ചെലവിടുന്നത്. നഗരറോഡുകളുടെയും പാലങ്ങളുടെയും നവീകരണത്തിനും കനാൽ കരകളിലെ നടപ്പാതയ്‌ക്കും സൈക്കിൾ ട്രാക്കിനുമൊക്കെയായി 800 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.
കയർ കോർപറേഷനിലെ ലിവിംഗ് മ്യൂസിയത്തിൽ കയർ ഉത്‌പന്നങ്ങളുടെ നിർമാണം നേരിൽക്കണ്ട് മനസിലാക്കാം. എല്ലാത്തരം കയർ ഉത്‌പന്നങ്ങളും തറികളും മ്യൂസിയത്തിലുണ്ടാകും. സർക്കാർ ഏറ്റെടുത്ത് പൊതുമേഖല കയർ ഫാക്ടറിയാക്കിയ നൂറ്റാണ്ട് പഴക്കമുള്ള ബോംബെ കമ്പനിയെന്ന വൻകിട കയർഫാക്ടറിയിലാണ് കയർ സാങ്കേതികവിദ്യയുടെ പരിണാമത്തെ സംബന്ധിച്ചുള്ള മ്യൂസിയം. മുന്നിൽ കയർ എംപോറിയവും ഒരുക്കുന്നുണ്ട്.
കുമ്മായക്കൂട്ട് ഉപയോഗിച്ച് വെട്ടുകല്ലിൽ നിർമിച്ച ഭിത്തികളും തടിത്തൂണുകൾ ഉൾപ്പെടെയുള്ള പഴയ മരനിർമ്മിതികളും ചേർന്ന് പ്രൗഢി വിളിച്ചോതുന്ന കെട്ടിടങ്ങളുടെ സമുച്ചയമായ ന്യൂമോഡൽ സൊസൈറ്റി സന്ദർശകർക്ക് പ്രിയങ്കരമാകും. നൂറുകണക്കിന് തൊഴിലാളികൾ പണിയെടുത്തിരുന്ന 'വാൾക്കോട്ട് കയർ കമ്പനി' പ്രവർത്തനം നിലച്ചപ്പോൾ തൊഴിലാളികളുടെ സഹകരണസംഘം ഏറ്റെടുക്കുകയായിരുന്നു. നവീകരിക്കുന്ന ഇവിടുത്തെ പുരാതന കെട്ടിടങ്ങളിൽ ഒരുങ്ങുന്ന കയർവ്യവസായ ചരിത്ര മ്യൂസിയത്തിൽ ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങളുടെ വിവരങ്ങളുണ്ടാകും.
സർക്കാർ എറ്റെടുത്ത് 'കയർഫെഡ്' പ്രവർത്തിക്കുന്ന ചരിത്രമുറങ്ങുന്ന ഡാറാസ് മെയിൽ കെട്ടിടത്തിലായിരിക്കും കയർ യാൺ മ്യൂസിയം. ഡാറാസ് മെയിൽ കയർ കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി. പട്ടണത്തിലെ സ്മരണകൾ ഉണർത്തുന്ന പഴയ ഗുജറാത്തി സ്ട്രീറ്റും പരിസരപ്രദേശങ്ങളും ചേർത്ത് 'ഡൗൺ ദ മെമ്മറി ലേയ്ൻ' എന്ന തെരുവുകാഴ്ച ഒരുങ്ങും. ഒപ്പം ഗുജറാത്ത് ഹെരിറ്റേജ് സെന്ററും ഗുജറാത്തി ബിസിനസ് ഹിസ്റ്ററി മ്യൂസിയവും ഉത്തേരന്ത്യയിൽ നിന്നുള്ളവരെ ആകർഷിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഗുജറാത്തികളുടെ സംസ്‌കാരവും ഭക്ഷണരീതികളും അടുത്തറിയാൻ മ്യൂസിയം അവസരമൊരുക്കും.
ഇന്ത്യയിലെ പ്രമുഖ ഗാന്ധിമ്യൂസിയങ്ങളുടെ സഹായത്തോടെ രാഷ്ട്രപിതാവിന്റ ജീവിതത്തിലെ വിവരങ്ങൾ വിശദമാക്കുന്ന ഗാന്ധി മ്യൂസിയമാണ് പദ്ധതിയുടെ മറ്റൊരു ആകർഷണം. കൊമേഴ്സ്യൽ കനാലിന്റ തീരത്തെ പഴയ മധുര കമ്പനിയുടെ നാശോന്മുഖമായ ഗോഡൗൺ കയർഫെഡിൽ നിന്ന് ഏറ്റെടുത്താണ് ഗാന്ധിമ്യൂസിയമാക്കുന്നത്. റിച്ചാർഡ് ആറ്റൺ ബറോ സംവിധാനം ചെയ്ത വിശ്വ പ്രസിദ്ധമായ ഗാന്ധി സിനിമയുടെ പ്രദർശനം എല്ലാ ദിവസവും ഒരുക്കും. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മറ്റൊരു മ്യൂസിയവും പദ്ധതിയിലുണ്ട്. ആലപ്പുഴയിലെ ജൈനക്ഷേത്രവും പൈതൃക പദ്ധതിയുടെ ഭാഗമാണ്.
രാജകേശവദാസിന്റെ ക്ഷണമനുസരിച്ച് ആലപ്പുഴയിലേക്ക് കുടിയേറിയ നവറോജിയെ പോലുള്ള പ്രമുഖരും ആലപ്പുഴയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. കൊച്ചിയിൽ നിന്നും ഇംഗ്ലീഷ്, ജൂത കച്ചവടക്കാരും ആലപ്പുഴയിലെത്തി. ഇവരെക്കുറിച്ചെല്ലാം ആലപ്പുഴ തുറമുഖ പട്ടണത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെടുത്തി പൈതൃകപദ്ധതി മ്യൂസിയത്തിൽ വിശദീകരിക്കും.