s

ആലപ്പുഴ : ദേശീയ പാത വികസനത്തിന്റെ ഭാഗമായി തുറവൂർ മുതൽ പറവൂർ വരെയുള്ള ഭാഗം ആറുവരി പാതയായി പുനർനിർമ്മിക്കാനായി ഏറ്റെടുത്ത സ്ഥലം നിർമ്മാണ കമ്പനിക്ക് അടുത്ത വ്യാഴാഴ്ചക്കുള്ളിൽ ദേശീയപാത അതോറിട്ടി കൈമാറും. ആറുവരി പാതയായി പുനർനിർമ്മിക്കാനുള്ള പദ്ധതിയുടെ കരാർ രാജസ്ഥാൻ ആസ്ഥാനമായ സ്വകാര്യ കമ്പനിയുമായി കഴിഞ്ഞ ദിവസം ഉറപ്പിച്ചു. തുറവൂർ മുതൽ പറവൂർ വരെയുള്ള 37.9 കിലോമീറ്ററിന് 1118 കോടിരൂപയ്ക്കാണ് കരാർ.

ഈ ഭാഗത്തെ നിർമ്മാണത്തിന് വേണ്ടി 42ഹെക്ടർ സ്ഥലമാണ് ഇപ്പോൾ കൈമാറുന്നത്. മൂന്ന് ഹെക്ടർ സ്ഥലം അക്വയർ ചെയ്തെങ്കിലും നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. കരാർ ഉറപ്പിച്ചാൽ 30ദിവസത്തിനുള്ളിൽ 90ശതമാനം സ്ഥലം കൈമാറണമെന്നാണ് വ്യവസ്ഥ. മണ്ണു പരിശോധന ഉൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നിർമ്മാണ കമ്പനി ആരംഭിച്ചു. ആലപ്പുഴ ബീച്ച് വഴി കടന്നുപോകുന്ന മൂന്നര കിലോമീറ്റർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമ്മിക്കും. കരാർ ഉറപ്പിച്ചതു മുതൽ 30 മാസത്തിനുള്ളിൽ (രണ്ടരവർഷം) ജോലികൾ പൂർത്തീകരിക്കണമെന്നാണ് കരാറിലെ വ്യവസ്ഥ.

അഞ്ചുവർഷം റോഡിന്റെ പരിപാലന ചുമതലയും കരാറുകാർക്കായിരിക്കും. കൊറ്റുകുളങ്ങര - കാവനാട് റീച്ചിന്റെ നിർമ്മാണ കരാറും നേരത്തെ ഉറപ്പിച്ചിരുന്നു. ഈ റീച്ചിൽ കായംകുളം, കൃഷ്ണപുരം വില്ലേജുകളിലെ 11 കിലോമീറ്റർ ഭാഗമാണ് ജില്ലയിലുള്ളത്. ബാക്കി ഭാഗം കൊല്ലം ജില്ലയിലാണ്. പറവൂർ മുതൽ കൊറ്റുകുളങ്ങര വരെയുള്ള 37.5 കിലോമീറ്റർ റോഡ് നിർമ്മിക്കുന്നതിന് ക്ഷണിച്ച ടെണ്ടറിൽ ഏഴ് കമ്പനികൾ പങ്കെടുത്തു. ടെണ്ടറിൽ അടങ്കൽ തുക 1,395കോടി രൂപയായിരുന്നു. ഏത് കമ്പനിക്കാണ് കരാർ നൽകിയതെന്ന് ദേശീയപാത അതോറിട്ടിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. തുറവൂർ മുതൽ ഓച്ചിറ വരെ ആറുവരി പാതയാക്കൽ മൂന്ന് റീച്ചുകളിലായാണ് നടക്കുക.

നഷ്ടപരിഹാരം വേഗത്തിൽ

നടപടികൾ പൂർത്തീകരിച്ച് സ്ഥലം ഉടമകൾക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കി. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലായി ഇതിനോടകം 39 ഹെക്ടർ സ്ഥലമെടുപ്പ് പൂർത്തീകരിച്ചു. 2391 പേർക്കായി 932.82 കോടിരൂപ വിതരണം ചെയ്തു.

കരാർ ഉറപ്പിച്ചത്

തുറവൂർ - പറവൂർ

നീളം: 37.9 കി.മീ.

തുക: ₹1118 കോടി

ദേശീയപാത വികസനത്തിന് ജില്ലയിൽ ഏറ്റെടുത്ത സ്ഥലം: 107 ഹെക്ടർ

ഭൂവുടമകളുടെ എണ്ണം....................................................................8250

ഇതുവരെ നഷ്ടപരിഹാരം ലഭി​ച്ചത്

ഭൂവുടമകൾ............................ 2391

നൽകി​യ തുക......................₹932.82 കോടി

" തുറവൂർ മുതൽ പറവൂർ വരെയുള്ള ഭാഗം ആറുവരി പാതയായി പുനർ നിർമ്മിക്കാൻ ഏറ്റെടുത്ത 42 ഹെക്ടർ സ്ഥലം അടുത്ത വ്യാഴാഴ്ചക്കുള്ളിൽ നിർമ്മാണ കമ്പനിക്ക് കൈമാറും. മൂന്ന് ഹെകടർ സ്ഥലത്തിന്റെ കൈമാറ്റ നപടികൾ അന്തിമഘട്ടത്തിലാണ്.

- ദേശീയപാത വിഭാഗം, ആലപ്പുഴ