ആലപ്പുഴ : അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പഴയ മത്സ്യമാർക്കറ്റുകൾ ആധുനികവത്കരിക്കാനുള്ള പദ്ധതി ആരംഭിച്ചു. നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്നാണ് ആധുനിക മത്സ്യമാർക്കറ്റ് സ്ഥാപിക്കുക. മാർക്കറ്റ് നിർമ്മിക്കുന്നതിനുള്ള സ്ഥലം നഗരസഭ കണ്ടെത്തും. നിർമ്മാണ ചെലവ് ഫിഷറീസ് വകുപ്പ് വഹിക്കും.
നഗരസഭയുടെ നിയന്ത്രണത്തിൽ പുലയൻവഴി, വഴിച്ചേരി ഡാറാ മാർക്കറ്റ്, സക്കറിയാ ബസാർ എന്നിവിടങ്ങളിലാണ് ഇപ്പോൾ മത്സ്യ മാർക്കറ്റ് പ്രവർത്തിക്കുന്നത്. പുലയൻവഴിയിലും വഴിച്ചേരിയിലും പള്ളിവക സ്ഥലത്തും സക്കറിയാ ബസാറിൽ ഒരു സംഘടനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുമാണ് നിലവിൽ മാർക്കറ്റിന്റെ പ്രവർത്തനം.
ഇതിന് പുറമേ നഗരത്തിൽ 150ലധികം വഴിയോര മത്സ്യകച്ചവടക്കാരുമുണ്ട്. ആധുനിക മാർക്കറ്റ് സ്ഥാപിച്ച് ഇവരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് വഴിയരികിലെ മലിനീകരണം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. അരനൂറ്റാണ്ടിലധികം പഴക്കം ചെന്നതാണ് നഗരസഭയുടെ നിയന്ത്രണത്തിലുള്ള മാർക്കറ്റുകൾ.
നവീകരണത്തിന്റെ ഭാഗമായി ആദ്യം പുലയൻവഴിയിലുള്ള മാർക്കറ്റാണ് ആധുനികവത്കരിക്കുന്നത്. മാർക്കറ്റ് പുതുമോടിയിലാകുമ്പോൾ മത്സ്യംകേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഫ്രീസർ സൗകര്യത്തോടു കൂടിയ സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്.
വലിയകുളത്ത് നഗരസഭയുടെ സ്ഥലത്ത് മാർക്കറ്റ് സ്ഥാപിക്കാനുള്ള ആലോചന കഴിഞ്ഞ നഗരസഭ ഭരണസമിതി നടത്തുമ്പോടാണ് സർക്കാർ ഈ സ്ഥലം ജി.എസ്.ടിയുടെ ഓഫീസ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് ഏറ്റെടുത്തത്. അന്നത്തെ ധനമന്ത്രി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള പണം അനുവദിച്ചു. പുതിയ സ്ഥലം കണ്ടെത്തി നഗരസഭ നൽകിയാൽ വലിയകുളത്തെ സ്ഥലം മത്സ്യമാർക്കറ്റിന് വിട്ടു കൊടുക്കാൻ ജി.എസ്.ടി വിഭാഗം സന്നദ്ധതയും അറിയിച്ചു.ഇവർക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കാനുള്ള പ്രവർത്തനം നഗരസഭ ആരംഭിച്ചിട്ടുണ്ട്.
മലിനീകരണ പ്രശ്നത്തിനും പരിഹാരം
1.നിലവിൽ നഗരത്തിൽ മൂന്ന് മാർക്കറ്റുകൾ പ്രവർത്തിക്കുന്നു
2.വഴിച്ചേരി,പുലയൻവഴി, സക്കറിയ ബസാർ എന്നിവിടങ്ങളിൽ
3.ഇതുകൂടാതെ വിവിധയിടങ്ങളിൽ 150ഓളം വഴിയോര കച്ചവടക്കാർ
4.ആധുനിക മാർക്കറ്റിലേക്ക് വഴിയോര കച്ചവടക്കാരെയും മാറ്റും
5.ഇതോടെ വഴിയരികിലെ മലിനീകരണ പ്രശ്നത്തിന് പരിഹാരമാകും
മാർക്കറ്റിന് വേണ്ടത്
സ്ഥലം ............................ 40 സെന്റ് (കുറഞ്ഞത്)
സ്റ്റാളുകൾ.......................80
" ആധുനിക മത്സ്യമാർക്കറ്റ് സ്ഥാപിക്കാൻ ആവശ്യത്തിന് പണം നൽകാൻ ഫിഷറീസ് വകുപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ സ്ഥലം കണ്ടെത്തി കൊടുക്കാനുള്ള പരിശ്രമത്തിലാണ്.
- സൗമ്യരാജ്, ചെയർപേഴ്സൺ,ആലപ്പുഴ നഗരസഭ