s

ആലപ്പുഴ:പതിവായെത്തുന്ന ദേശാടന പക്ഷികൾക്ക് പുറമേ, പുതു ഇനം പക്ഷികളും കേരളത്തിലെത്തുന്നതായി നിരീക്ഷകരുടെ കണ്ടെത്തൽ. അന്താരാഷ്ട തലത്തിൽ നടക്കുന്ന ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പിന്റെ ഭാഗമായി അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിൽ ജൈവവൈവിദ്ധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ,ആലപ്പഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് കന്യാസ്ത്രീ കൊക്കടക്കം പുതിയ ഇനങ്ങളെ കണ്ടെത്തിയത്. സാധാരണ പരമാവധി 12 പക്ഷികളടങ്ങുന്ന സംഘങ്ങളെയാണ് തേക്കടിയിൽ പോലും കാണാറുള്ളത്. എന്നാൽ അമ്പലപ്പുഴയിലെ പാടശേഖരങ്ങളിൽ കണ്ടെത്തിയ സംഘം 39 കന്യാസ്ത്രീ കൊക്കുകളുടെ കൂട്ടമായിരുന്നു. ഇത് കൂടുതൽ പക്ഷികൾ ഈ സമയത്ത് കേരളത്തിലെത്തുന്നതിന് തെളിവാണെന്ന് നിരീക്ഷകൾ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ 6 മുതൽ 11 മണിവരെ കൊപ്പാറക്കടവ്, കാട്ടുകോണം, വെട്ടിക്കരി പാടശേഖങ്ങളിലും കൈതപ്പുഴ ആറിന്റെ തീരത്തുമാണ് പഠനം നടത്തിയത്.

കണ്ടെത്തലുകൾ

1.അമ്പലപ്പുഴയിൽ കണ്ടത് 65 ഇനം പക്ഷികളെ

2.പുതിയ ഇനങ്ങൾ കൂട്ടമായി എത്തുന്നു

പ്രധാന വർഗങ്ങൾ

വർണകൊക്ക്, ചാരക്കോഴി, ഇന്ത്യൻ കോറിയൽ, ക്ലോവർ, കന്യാസ്ത്രീ കൊക്ക്, വെള്ളരി കൊക്ക്, കുളകൊക്ക്

പ്രവർത്തനം വ്യാപിപ്പിക്കുന്നു

പക്ഷി നിരീക്ഷണം, കണ്ടൽക്കാടുകളുടെ സംരക്ഷണം, ബോധവത്ക്കരണം, ബട്ടർഫ്ലൈ സർവ്വേ തുടങ്ങി പരിസ്ഥിതയുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി തുടരും. എഴുപുന്നയിലായിരുന്നു ഇത്തവണ ആദ്യ പക്ഷി സർവ്വേ നടത്തിയത്. തുടർന്ന് പക്ഷികൾ ധാരാളമായെത്തുന്ന കേരളത്തിലെ പ്രധാന സ്ഥലങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.

സാധാരണ നീർപ്പക്ഷികളുടെ ഒരു ഗ്രൂപ്പിൽ കാണുന്നതിലധികം പക്ഷികളെയാണ് കഴിഞ്ഞ ദിവസം നടന്ന സർവേയിൽ കണ്ടത്. കാലാവസ്ഥവ്യതിയാനമടക്കം പക്ഷികളുടെ വരവിനെ സ്വാധീനിച്ചെന്ന് വേണം മനസിലാക്കാൻ. വരും ദിവസങ്ങളിലും സർവ്വേ വിവിധ ഭാഗങ്ങളിൽ തുടരും

- ബി.രവീന്ദ്രൻ, പ്രസിഡന്റ്, ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി