ambala

അമ്പലപ്പുഴ : മുന്നിൽ പോയ ട്രെയിലർ ലോറിയിൽ തട്ടി റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാരന് എതിരെ വന്ന ലോറി കയറിയിറങ്ങി ദാരുണാന്ത്യം. പുന്നപ്ര അറവുകാട് ഐ.ടി.സിയിലെ ഒന്നാം വർഷ വിദ്യാർത്ഥിയും നീർക്കുന്നം അഞ്ചിൽ വീട്ടിൽ സന്തോഷ് - രഹന ദമ്പതികളുടെ മകനുമായ അഭിഷേക് (19) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അമ്പലപ്പുഴ കോമന ഉണ്ണി നിവാസിൽ ഉണ്ണി (18) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉണ്ണിയെ അഭിഷേക് ബൈക്കിൽ ആലപ്പുഴയിലെ സ്വകാര്യ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ദേശീയപാതയിൽ കപ്പക്കട ഭാഗത്ത് ഇന്നലെ രാവിലെ 9.20 ഓടെയായിരുന്നു അപകടം.

മുന്നിൽ പോയ ട്രെയിലറിൽ ബൈക്ക് തട്ടിയതിനെ തുടർന്ന് അഭിഷേക് റോഡിലേക്ക് തെറിച്ചു വീണപ്പോൾ എതിരെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. തത്ക്ഷണം മരിച്ചു. റോഡരികിലേക്ക് വീണതുകൊണ്ടാണ് ഉണ്ണി പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. .മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അഭിരാമിയാണ് അഭിഷേകിന്റെ ഏക സഹോദരി.