
അമ്പലപ്പുഴ: അന്താരാഷ്ട തലത്തിൽ നടക്കുന്ന ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പിൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തും പങ്കാളിയായി. പഞ്ചായത്തിൽ ജൈവ വൈവിദ്ധ്യ സംരക്ഷണ നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ജൈവവൈവിധ്യ പരിപാലന സമിതിയുടെ ( ബി.എം.സി) നേതൃത്വത്തിൽ ,ആലപ്പഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുമായി സഹകരിച്ചാണ് കണക്കെടുപ്പ് നടന്നത്. ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാതല സാങ്കേതിക വിഭാഗം മേൽനോട്ടം വഹിച്ചു. പഞ്ചായത്തിലെ പ്രധാന പാടശേഖരളായ കൊപ്പാറക്കടവ് കാട്ടുകോണം, വെട്ടിക്കരി, പാടശേഖങ്ങളിലും കൈതപ്പുഴ ആറിന്റെ തീരവുമടങ്ങിയ പ്രദേശത്താണ് പഠനം നടത്തിയത്. പാടശേഖരങ്ങളിൽ കൃഷി ആരംഭിച്ചതിനാലും, കടുത്ത വേനൽ ചൂടും മൂലവും പക്ഷികളുടെ ഇനത്തിലും എണ്ണത്തിലും കുറവുള്ളതായി പഠനസംഘം പറഞ്ഞു. ചേരക്കോഴി, വർണകൊക്ക് .കന്യാസ്ത്രീ കൊക്ക് തുടങ്ങിയവയെ കണ്ടു..കൂടുതലായി കണ്ടത് മുണ്ടി ഇനത്തിലെ വെള്ളരി കൊക്കുകളേയും കുള കൊക്കുകളേയുമാണ്.പഠനത്തിലെ നിരീക്ഷണങ്ങൾ -- പോർട്ടലിൽ രേഖപ്പെടുത്തി.അന്താരാഷ്ട്ര തലത്തിലുള്ള നീർപ്പക്ഷി കണക്കെടുപ്പിൽ ജില്ലയിൽ ഇതാദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മുൻകൈയെടുക്കുന്നത്.
പക്ഷി നിരീക്ഷകരും പഞ്ചായത്ത് ബി.എം.സി അംഗങ്ങളും ചേർന്ന് രാവിലെ 6 മണിക്ക് ആരംഭിച്ച കണക്കെടുപ്പ് 11 മണി വരെ നീണ്ടു.പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ഉദ്ഘാടനം നിർവ്വഹിച്ചു . സെക്രട്ടറി ജി.രാജേന്ദ്രൻ, ബി.എം സി കൺവീനർ ഷെഫീക്ക് ഇബ്രാഹിം എന്നിവർ സംസാരിച്ചു. ജൈവവൈവിദ്ധ്യ ബോർഡ് ജില്ലാ തല സാങ്കേതിക വിഭാഗം അംഗവും വന്യജീവി ഫോട്ടോ ഗ്രാഫറുമായ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, ഡോ.കെ.ജി പത്മകുമാർ, എ.എൻ.എച്ച്.എസ് പ്രസിഡന്റ് രവീന്ദ്രന്റെ നേതൃത്വത്തിൽ പക്ഷി നിരീക്ഷകർ,ടി.കെ. മാധവ മെമ്മോറിയൽ കോളേജ് വിദ്യാർത്ഥികൾ ,ബി.എം.സി അംഗമായ നിഥിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.