
ചേർത്തല:എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതിയുടെയും സംയുക്ത യോഗം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. കണിച്ചുകുളങ്ങരയിൽ നടന്ന യോഗത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സമുദായാംഗങ്ങളിൽ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും കായികരംഗത്ത് പ്രതിഭകളെ സൃഷ്ടിക്കുന്നതിനും 2002 ഏപ്രിൽ,മേയ് മാസങ്ങളിൽ ശാഖ,യൂണിയൻ,ജില്ലാ മേഖല,സംസ്ഥാനതലത്തിൽ കലാ-കായികോത്സവം നടത്താൻ തീരുമാനിച്ചു. ഇരു സംഘടനകളുടെയും നേതൃത്വത്തിൽ നിബന്ധനകൾക്ക് വിധേയമായി ആലാപനം, വ്യാഖ്യാനം,പ്രസംഗം,ചിത്രരചന,നൃത്താവിഷ്‌കാരം,നിമിഷ പ്രസംഗം,ക്വിസ്,ക്രിക്കറ്റ്,കബഡി,വടംവലി വോളിബാൾ, ബാഡ്മിന്റൺ,സൈക്കിൾ റേസ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും.
യോഗം കൗൺസിലറും വനിതാസംഘം കോ-ഓർഡിനേറ്ററുമായ ബേബി റാം,യോഗം കൗൺസിലറും കേന്ദ്ര വനിതാ സംഘം വൈസ് പ്രസിഡന്റുമായ ഇ.എസ്.ഷീബ,കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ,യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ്,യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗങ്ങൾ,വനിതാസംഘം കേന്ദ്രസമിതി അംഗങ്ങൾ,ജില്ലാ ജോയിന്റ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി സെക്രട്ടറി നെടുമങ്ങാട് രാജേഷ് സ്വാഗതവും വനിതാ സംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.