ഹരിപ്പാട്: ജില്ലാ പഞ്ചായത്ത്‌ വികസന പദ്ധതികളിലുൾപ്പെടുത്തി മുതുകുളം ഡിവിഷനിൽ ചിങ്ങോലി,മുതുകുളം,ആറാട്ടുപുഴ, കാർത്തികപ്പള്ളി, എന്നി പഞ്ചായത്തുകളിലായിി​ ഒരു കോടി നാൽപത്തി രണ്ടു ലക്ഷം രൂപയുടെ വികസനപദ്ധതികൾ നടപ്പിലാകുന്നു.

ജനകീയാസൂത്രണം, ധനകാര്യ കമ്മി​ഷൻ ഗ്രാന്റ്, പട്ടികജാതി വികസനം എന്നീ മേഖലകളിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത്. മുതുകുളം പഞ്ചായത്ത്‌ സാംസകാരിക കേന്ദ്രത്തിന് 35 ലക്ഷം രൂപ, വലിയഴിയ്ക്കൽ ഗവ. ഹൈസ്കൂൾ, മംഗലം ഗവ: ഹൈസ്കൂൾ എന്നിവയ്ക്ക് മെയിന്റനെൻസ് ഗ്രാന്റ് ഇനത്തിൽ പത്ത് ലക്ഷം വീതവും ചിങ്ങോലി പഞ്ചായത്ത്‌ ഗുരുമന്ദിരം -വെട്ടികുളങ്ങര റോഡിനു 12 ലക്ഷം, മുതുകുളം പഞ്ചായത്ത്‌ 2,3 വാർഡുകളിൽപ്പെട്ട പാടം -താഴെവയൽ, മുരിങ്ങച്ചിറ -കണ്ണാട്ട് മുക്ക് എന്നിവിടങ്ങളിലെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിന് 30ലക്ഷം രൂപ, ചിങ്ങോലി പഞ്ചായത്ത്‌ ഒന്നാം വാർഡിൽ ഹൈ -ടെക് അംഗനവാടിക്ക് 20ലക്ഷം രൂപ, മുതുകുളം പഞ്ചായത്ത്‌ ആശുപത്രി ജംഗ്ഷൻ -ശ്രീകേഷ് ജംഗ്ഷൻ റോഡിന് 14 ലക്ഷം രൂപ, ആറാട്ടുപുഴ -വട്ടച്ചാൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കുഴൽകിണർ നിർമിക്കാൻ 1244000 രൂപയുമാണ് അനുവദി​ച്ചത്. ഇത് കൂടാതെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറി നിർമാണം, കുടുംബശ്രീ യൂണിറ്റുകൾക്കുള്ള സ്വയം തൊഴിൽ പദ്ധതി, പരമ്പരാഗത തൊഴിൽ സംരക്ഷണത്തിനുള്ള ചെറുകിട യൂണിറ്റുകൾക്കുള്ള സഹായപദ്ധതി, മെറിറ്റ് സ്കോളർ ഷിപ് എന്നിവയും നടപ്പാക്കാൻ തീരുമാനമായതായി ജില്ലാ പഞ്ചായത്ത്‌ മുതുകുളം ഡിവിഷൻ അംഗം ജോൺ തോമസ് അറിയിച്ചു.