പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബഹളം
ചേർത്തല : തൊഴിലുറപ്പു പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങളുടെ പേരിൽ ചേർത്തല തെക്ക് പഞ്ചായത്ത് കമ്മിറ്റിയോഗത്തിൽ തർക്കം. ഓൺലൈനായി നടന്ന യോഗത്തിൽ കോൺഗ്രസ് അംഗങ്ങൾ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മുദ്റാവാക്യം മുഴക്കി. ബഹളങ്ങൾക്കൊടുവിൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസ് അംഗങ്ങളും ബി.ജെ.പി അംഗവും സ്വതന്ത്റനും കമ്മിറ്റി ബഹിഷ്‌കരിച്ചു. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ 17-ാം വാർഡിലുയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നും വിഷയം അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യണമെന്നും ആവശ്യമുയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തിനൊടുവിൽ കമ്മിറ്റി ബഹിഷ്‌കരിച്ച കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രകടനവും ധർണയും നടത്തി. കെ.പി.സി.സി സെക്രട്ടറി എസ്.ശരത്ത് ഉദ്ഘാടനം ചെയ്തു.പാർലമെന്ററി പാർട്ടി ലീഡർ ബി.ബാബുപള്ളേക്കാട്ട്, സെക്രട്ടറി ശങ്കരൻക്കുട്ടി, ജയറാണി,മേരി സെബാസ്റ്റ്യൻ, സുജിത്‌കോനാട്ട്,വിൻസെന്റ് തറയിൽ,റോയ്‌മോൻ, ഡൈനി ഫ്രാൻസിസ് ,അൽഫോൺസ തുടങ്ങിയവർ പങ്കെടുത്തു. ബി.ജെ.പി അംഗം ആര്യയും,സ്വതന്ത്റ അംഗമായ ടോമി ഏലശേരിയും പ്രതിഷേധമുയർത്തി.
17ാം വാർഡിൽ തൊഴിലുറപ്പു പദ്ധതി പ്രവർത്തനങ്ങളിൽ തൊഴിൽ നിഷേധിക്കുന്നതായി കാട്ടി വനിതാതൊഴിലാളികൾ ഓംബുഡ്‌സ്മാനു പരാതി നൽകിയിരുന്നു.പരാതിയിൽ ഓംബുഡ്‌സ്മാൻ പഞ്ചായത്തിലെത്തി തെളിവുകൾ ശേഖരിച്ചു.ഒഫ് ലൈനായി പഞ്ചായത്തിൽ നിശ്ചയിച്ചിരുന്ന പഞ്ചായത്ത് കമ്മിറ്റിയോഗം ഓൺലൈനാക്കിയത് പ്രതിഷേധം ഭയന്നിട്ടാണെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.
പ്രചാരണങ്ങൾ വസ്തുതാവിരുദ്ധം
ചേർത്തല തെക്ക് പഞ്ചായത്തിനെയും ഓംബുഡ്‌സ്മാനെയും ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണങ്ങളും പ്രതിഷേധങ്ങളും വസ്തുതാവിരുദ്ധമാണെന്ന് എൽ. ഡി. എഫ് പാർലമെന്ററി പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. 17–ാം വാർഡിലെ രണ്ട് തൊഴിലുറപ്പ് തൊഴിലാളികളുടെ പരാതിയിലാണ് ഓംബുഡ്‌സ്മാൻ പഞ്ചായത്ത് സന്ദർശിച്ചത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ, പരാതിക്കാർ എന്നിവരെ വിശദമായി കേട്ടശേഷം പ്രശ്‌നപരിഹാരം നിർദേശിച്ചു.ജോലി നൽകുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കിടയിലെ ചില പ്രശ്‌നങ്ങളാണ് ഓംബുഡ്‌സ്മാന്റെ സന്ദർശനത്തിനാധാരം.പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി നിർവഹണം മികവോടെയാണ് നടക്കുന്നത്. നടപ്പുവർഷം ആറായിരത്തോളം തൊഴിലാളികൾക്ക് 2.8 ലക്ഷം തൊഴിൽദിനങ്ങളിലൂടെ ഒമ്പത് കോടി രൂപയിലേറെ കൂലി നൽകി. വിവിധ പ്രവർത്തനങ്ങൾ സംസ്ഥാനതലശ്രദ്ധനേടിയതാ
ണെന്നും പ്രസ്താവനയിൽ പറഞ്ഞു.