അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകഴിയിൽ വീണ്ടും പൊട്ടിയതി​നെത്തുടർന്ന് പമ്പിംഗ് നി​റുത്തി​ വച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ക്രോസിന് കിഴക്ക് 100 മീറ്റർ മാറിയാണ് പൈപ്പ് പൊട്ടിയത്. ഇന്നലെ വൈകിട്ടോടെ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകിയതിനാൽ രാത്രിയോടെ കരുമാടി ശുദ്ധീകരണ പ്ലാന്റി​ലേക്കുള്ള പമ്പിംഗ് നിറുത്തിവയ്ക്കുകയായി​രുന്നു. ഇതോടെ ആലപ്പുഴ നഗരത്തിലേയും സമീപത്തെ 8 പഞ്ചായത്തുകളിലെയും കുടിവെള്ളവി​തരണം മുടങ്ങും. കടപ്ര ആറ്റിൽ നിന്ന് ജലം കരുമാടി പ്ലാന്റി​ലേക്ക് എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. കേളമംഗലം മുതൽ തകഴി റെയിൽവെ ക്രോസു വരെയുള്ള ഒന്നര കി.മീറ്റർ ഭാഗത്ത് 68-ാമത് തവണയാണ് പൈപ്പ് പൊട്ടുന്നത് . ഇവി​ടെ പഴയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ ഉടൻ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടി​യായി​ട്ടില്ല. ആലപ്പുഴ- ചങ്ങനാശേരി റോഡിന്റെ നവീകരണം നടക്കുന്നതിനാൽ ചെറുതും വലുതുമായ വാഹനങ്ങൾ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. പൈപ്പിന്റെ അറ്റകുറ്റപ്പണി​ക്കായി റോഡ് വെട്ടിപ്പൊളിക്കുമ്പോൾ വൻ ഗതാഗതക്കുരുക്കും ഉണ്ടാകും.