
ആലപ്പുഴ: കൊവിഡ് നിയന്ത്രണത്തെ തുടർന്ന് അതിർത്തികളിൽ പരിശോധന കടുപ്പിച്ചപ്പോൾ സംസ്ഥാനത്തേക്കുള്ള കന്നുകാലി വരവ് കുറഞ്ഞതോടെ ഇറച്ചി വില്പന മേഖലയിൽ തൊഴിൽ ചെയ്യുന്നവർ പ്രതിസന്ധിയിലായി. കൊവിഡ് മൂന്നാം തരംഗത്തിൽ ഏർപ്പെടുത്തിയ നിരോധനത്തോടെ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കന്നുകാലികളുടെ വരവ് 40 ശതമാനത്തോളം കുറഞ്ഞു.
പ്രധാനമായും ഞായറാഴ്ച ദിവസമാണ് ഇറച്ചി വ്യാപാരം കൂടുതലായി നടക്കുന്നത്. ജില്ലയിൽ 500ൽ അധികം മീറ്റ് സ്റ്റാളുകളും 12,000ൽ അധികം തൊഴിലാളികളുമുണ്ട്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടക്ക് സമീപമുള്ള മാരാരിത്തോട്ടം, വെയ്യാങ്കര, പാലക്കാട് വാണിയംകുളം, വാളയാർ ചെക്ക് പോസ്റ്റിനു സമീപം, പൊള്ളാച്ചി എന്നിവിടങ്ങളിലെ ചന്തകളിൽ നിന്നാണ് ജില്ലയിലേക്ക് കശാപ്പിനായി കാലികളെ എത്തിക്കുന്നത്. പ്രതിദിനം 1500 മുതൽ 2000വരെ കാലികളുടെ ഇറച്ചി ജില്ലയിൽ വിൽക്കാറുണ്ട്. ശനി, ഞായർ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും മറ്റ് പ്രധാന ദിവസങ്ങളിലും സാധാരണ ദിവസങ്ങളിലേക്കാൾ ഇരട്ടിയോളം ഇറച്ചി വേണ്ടിവരും.
മുമ്പ് 400 ലോഡ് , ഇപ്പോൾ 250
1.കൊവിഡിന്റെ ആദ്യഘട്ടത്തിൽ കന്നുകാലികളുടെ വരവിൽ വലിയ കുറവുണ്ടായി
2.രണ്ടാം തരംഗത്തിനുശേഷം കാലികളുടെ വരവ് സാധാരണ നിലയിലേക്കെത്തി
3.മൂന്നാം തരംഗത്തിന്റെ വരവോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കാലിവരവ് വീണ്ടും കുറഞ്ഞു
4.കാലികളെ കൊണ്ടുവരുന്നത് തമിഴ്നാട്, ആന്ധ്ര, ഒഡിഷ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന്
5.വലിയചന്തകളിൽ ആഴ്ചയിൽ സാധാരണ എത്തിയിരുന്നത് 400 ലോഡ് കാലികൾ
6.ഇപ്പോൾ എത്തുന്നത് 240 മുതൽ 250വരെ ലോഡുകൾ
ജില്ലയിൽ
ഇറച്ചിക്കടകൾ : 500 (നാട്ടിൻ പുറത്തെ അറവു കേന്ദ്രങ്ങൾ വേറെ)
ഈ മേഖലയിൽ തൊഴിലെടുക്കുന്നവർ : 12,000
ഒരു ദിവസം കശാപ്പ് ചെയ്യപ്പെടുന്ന കാലികൾ: 1500മുതൽ 2000വരെ
ഇറച്ചി വില്പന കൂടുതൽ
ആലപ്പുഴ, കായംകുളം, ചേർത്തല, മാവേലിക്കര, ഹരിപ്പാട്, ചെങ്ങന്നൂർ, അമ്പലപ്പുഴ, മാന്നാർ
"അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മാടുകളെ കൊണ്ടുവന്ന് കന്നുകാലി ചന്തകൾ തുറന്ന് പ്രവർത്തിപ്പിക്കണം. എല്ലാ പഞ്ചായത്തുകളിലും ആധുനിക അറവു ശാലകൾ സ്ഥാപിക്കാൻ ആവശ്യമായ പദ്ധതി നടപ്പാക്കി ഇറച്ചി വ്യാപാരികളെ സംരക്ഷിക്കണം.
-ഒ.അഷറഫ്, സംസ്ഥാന സെക്രട്ടറി, ഓൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ