
ആലപ്പുഴ: ഹയർസെക്കൻഡറി പരീക്ഷയുടെ മാന്വൽ പരിഷ്കരണം പുറത്തിറങ്ങിയതോടെ വിമർശനങ്ങളുമുയർന്നു തുടങ്ങി. ദൈനംദിനം മൂല്യനിർണ്ണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം കൂട്ടിയതായാണ് അദ്ധ്യാപകരുടെ പരാതി. ബോട്ടണി, സുവോളജി വിഷയങ്ങൾക്ക് ദിവസം 40 പേപ്പറുകൾ മൂല്യനിർണയം നടത്തിയിരുന്നത് 50 ആയും, മറ്റ് വിഷയങ്ങൾക്ക് 26 പേപ്പർ മൂല്യനിർണയം നടത്തിയിരുന്നത് 34 ആയുമാണ് വർദ്ധിപ്പിച്ചത്.
പരമാവധി തിരഞ്ഞെടുക്കലിന് അവസരമൊരുക്കി ഓരോ വിഷയത്തിലും ചോദ്യങ്ങളുടെ എണ്ണം കൂട്ടിയത് കുട്ടികൾക്ക് ആശ്വാസമാകുന്നു. അൺ എയ്ഡഡ് സ്‌കൂളുകളിൽ ചീഫ് സൂപ്രണ്ടുമാരായും, പ്രായോഗിക പരീക്ഷയ്ക്കുള്ള എക്സ്റ്റേണൽ എക്സാമിനറായും സർക്കാർ സ്‌കൂൾ അദ്ധ്യാപകരെ മാത്രം നിയമിക്കണമെന്ന് മാന്വവൽ നിഷ്‌കർഷിക്കുന്നു. ഇതിനെതിരെയും ആക്ഷേപമുയരുന്നുണ്ട്. മൂല്യനിർണയ ക്യാമ്പിലെ, ക്യാമ്പ് അസിസ്റ്റന്റായി ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റാഫിനെ നിയമിക്കുമെന്നുണ്ടെങ്കിലും, നിലവിൽ ഈ വിഭാഗത്തിൽ അദ്ധ്യാപകരും ലാബ് അസിസ്റ്റന്റുമല്ലാതെ മറ്റാരുമില്ല. അപേക്ഷകരിൽ നിന്ന് യോഗ്യതയും സേവന കാലയളവും പരിശോധിച്ച് ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ ഒരു സമിതി രൂപീകരിക്കുമെന്ന് മാന്വലിൽ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ കുറേവർഷങ്ങളായി അപേക്ഷ ക്ഷണിക്കുക പോലും ചെയ്തിട്ടില്ലെന്ന് അദ്ധ്യാപകർ കുറ്റപ്പെടുത്തുന്നു.
ശിക്ഷാ നടപടികൾക്ക് ശുപാർശ,
ചോദ്യങ്ങൾക്ക് ഉത്തരമില്ല
1.പരീക്ഷാ നടപടികളിൽ വീഴ്ച വരുത്തുന്നവർക്ക് ശിക്ഷാ നടപടിയും മാന്വൽ ശുപാർശ ചെയ്യുന്നു
2.സീനിയോറിട്ടി, ഗ്രേഡ്,പേ-സ്‌കെയിൽ എന്നിവ വെട്ടിക്കുറയ്ക്കുന്നതാണ് ആദ്യഘട്ട നടപടി
3.നിർബന്ധിത പെൻഷൻ, പിരിച്ചുവിടൽ ഉൾപ്പെടെ കൈക്കൊള്ളാനും ശുപാർശയുണ്ട്
4.പരീക്ഷ നടത്തിപ്പിന്റെ വിവരങ്ങൾ സമയാസമയം അപ്‌ലോഡ് ചെയ്തില്ലെങ്കിൽ പ്രിൻസിപ്പലിനെതിരെ നടപടി
5.പ്രിൻസിപ്പൽ ഇതൊക്കെ ആരെ വച്ച് ചെയ്യും എന്ന ചോദ്യത്തിന് മറുപടിയില്ല.
6.ഹൈസ്‌കൂൾ ഓഫീസ് സ്റ്റാഫിന്റെ സേവനം ഹയർസെക്കൻഡറിയിലും ലഭ്യമാക്കുന്നതിന് നടപടിയില്ല.
സ്ക്വാഡുകൾക്ക് കുറവില്ല
പ്രായോഗിക പരീക്ഷയ്ക്ക് ഓരോ വിഷയത്തിനും ജില്ലകൾതോറും പുതിയ മൂന്നംഗ സ്‌ക്വാഡിന് മാന്വവൽ ശുപാർശ ചെയ്യുന്നു. 23 വിഷയങ്ങളിലാണ് പ്രായോഗിക പരീക്ഷ. ഇതുകൂടാതെ എഴുത്ത് പരീക്ഷയ്ക്കും മൂല്യനിർണയ ക്യാമ്പ് പരിശോധനയ്ക്കും വ്യത്യസ്തങ്ങളായ സ്‌ക്വാഡുകളുണ്ടാകും. പരീക്ഷ നടത്താൻ ആവശ്യത്തിന് അദ്ധ്യാപകർ തികയാത്തതുമൂലം എൽപി, യുപി അദ്ധ്യാപകരെ ഉപയോഗിക്കുമ്പോഴാണ്, താത്പര്യക്കാർക്ക് സ്ഥാനമാനങ്ങൾ നൽകി സ്‌ക്വാഡുകളുടെ എണ്ണം കൂട്ടുന്നതെന്ന് ആക്ഷേപമുയരുന്നു. സ്‌ക്വാഡുകൾ കൂടുന്നത് സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തും.
നിക്ഷിപ്ത താത്പര്യക്കാർ ഏകപക്ഷീയമായി ചെയ്ത മാന്വൽ പരിഷ്‌കരണം ജീവനക്കാരെ പല തട്ടിലാക്കും. പുനർമൂല്യനിർണയത്തിൽ മാർക്ക് വ്യതിയാനം വന്നാൽ കർശന ശിക്ഷക്ക് വിധേയരാക്കുമെന്ന് പറയുന്ന മാന്വൽ അദ്ധ്യാപകരുടെ ജോലിഭാരം കൂട്ടി ശിക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മൂല്യനിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം വർദ്ധിപ്പിച്ച നടപടി പിൻവലിക്കണം
- എസ്.മനോജ്, ജനറൽ സെക്രട്ടറി
എ.എച്ച്.എസ്.ടി.എ