ആലപ്പുഴ: പൊളിച്ച് പണിയുന്ന കൊമ്മാടിപ്പാലത്തിന്റെ പൈലിംഗ് ജോലികൾ പൂർത്തീകരിച്ചതോടെ ബീമുകളുടെ നിർമ്മാണം ഈ ആഴ്ച ആരംഭിക്കും. 29 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലും ഇരുവശവും ഒന്നരമീറ്റർ വീതം നടപ്പാതയോടെ നിർമ്മിക്കുന്ന പുതിയ പാലത്തിന് വേണ്ടി 9 ബീമുകളാണ് നിർമ്മിക്കുന്നത്. ഒരു ബീമിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ കുറഞ്ഞത് ഏഴു ദിവസം വേണ്ടിവരും. മുഴുവൻ ബീമുകളുടെയും നിർമ്മാണം പൂർത്തീകരിക്കാൻ രണ്ടുമാസത്തോളം വേണ്ടിവരും. ഏപ്രിൽ മാസത്തിൽ നിർമ്മാണം പൂർത്തീകരിച്ച് മേയിൽ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നിർമ്മാണ ചുമതല വഹിക്കുന്ന കേരള റോഡ് ഫണ്ട് ബോർഡ് . ഇതോടൊപ്പം ശവക്കോട്ടപ്പാലവും കൊമ്മാടി പാലവും ബന്ധിപ്പിക്കാൻ എ.എസ് കനാലിന്റെ പടിഞ്ഞാറെ കരയിൽ 2.5 കിലോമീറ്റർ നീളത്തിൽ റോഡ് കാനയോടെ പുതുക്കിപ്പണിയും. ഇരുപാലങ്ങളുടെയും റോഡിന്റെയും നിർമ്മാണ ചെലവിനായി 28.45 കോടിരൂപയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുള്ളത്.

ശവക്കോട്ടപ്പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണിയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനുള്ള സ്ഥലമെടുപ്പ് പൂർത്തികരിക്കാത്തതിനാലാണ് നിർമ്മാണം വൈകുന്നത്. അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച് ശവക്കോട്ടപ്പാലം മാർച്ചിൽ തുറന്നുകൊടുക്കാനാണ് തീരുമാനം.

.

നിർമാണ ചെലവ് (കൊമ്മാടി, ശവക്കോട്ട പാലങ്ങൾക്ക്)

₹28.45 കോടി

ശവക്കോട്ടപ്പാലം

26 മീറ്റർ നീളം, 12 മീറ്റർ വീതി

കൊമ്മാടി പാലം

29 മീറ്റർ നീളം, 14 മീറ്റർ വീതി

ഇരുവശവും ഒന്നരമീറ്റർ വീതം നടപ്പാത

അപ്രോച്ച് റോഡ്

ഏറ്റെടുക്കുന്ന സ്ഥലം : 24.14 സെന്റ്

നഷ്ടപരിഹാരം: 4.89കോടി

കൊമ്മാടിപ്പാലം മെയിൽ ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ലക്ഷ്യം. ശവക്കോട്ടപ്പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം കൈമാറി കിട്ടിയാൽ വൈകാതെ നിർമ്മാണം പൂർത്തികരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കും.

- കേരള റോഡ് ഫണ്ട് ബോർഡ്