
ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ 'സൗരതേജസ്' പദ്ധതി
ആലപ്പുഴ : വീടുകളിൽ സബ്സിഡിയോടെ സൗരനിലയങ്ങൾ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ അനർട്ടിന്റെ പദ്ധതിയിലൂടെ ആലപ്പുഴയെ സമ്പൂർണ സൗരോർജ്ജ മണ്ഡലമാക്കാനുള്ള നടപടികൾക്ക് തുടക്കമായി. ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ വീടുകൾ, സ്ഥാപനങ്ങൾ, അങ്കണവാടികൾ, സ്‌കൂൾ കെട്ടിടങ്ങൾ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തും.
2 മുതൽ 10 വരെ കിലോവാട്ട് ശേഷിയുള്ള നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതി 'സൗരതേജസ്' എന്ന പേരിലാണ് നടപ്പാക്കുന്നത്. സർക്കാരിന്റെ സബ്സിഡി കഴിച്ചുള്ള തുക മാത്രം ഉപഭോക്താവ് നൽകിയാൽ മതി. സേവനം ലഭ്യമാകാൻ അനർട്ട് നിർദ്ദേശിക്കുന്ന ഏതെങ്കിലും ഒരു സ്ഥാപനത്തെ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. പദ്ധതി ജനകീയമായി നടപ്പാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനമായി പഞ്ചായത്ത് - മുനിസിപ്പൽ തലങ്ങളിൽ ജനപ്രതിനിധികൾ, എ.ഡി.എസ്, സി.ഡി.എസ്., ഐ.സി.ഡി.എസ് ചുമതലക്കാർ എന്നിവരെ പങ്കെടുപ്പിച്ച് ശില്പശാല സംഘടിപ്പിക്കും. അനർട്ടിന്റെ ഉദ്യോഗസ്ഥർ ക്ലാസുകൾ നയിക്കും. തുടർന്ന് 21ന് ഓൺലൈൻ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കും.
നിലയങ്ങളുടെ ശേഷിയും സബ്സിഡി കഴിച്ചുള്ള തുകയും
2 കിലോ വാട്ട് ................... ₹ 95,725 രൂപ
3 കിലോ വാട്ട് ................... ₹ 1,33,117
4 കിലോ വാട്ട് ...................₹1,76,024
5 കിലോ വാട്ട് .................. ₹ 2,17,766
6 കിലോ വാട്ട് .................. ₹2,99,679
8 കിലോ വാട്ട് ...................₹3,82,077
10 കിലോ വാട്ട് ................₹ 4,31,178
സബ്സിഡി
3 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾക്ക് 40 ശതമാനം
10 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾക്ക് 20 ശതമാനം
ഒരു കിലോവാട്ടിന് 4 മുതൽ 5 യൂണിറ്റ് വരെയാണ് പ്രതിദിന ഉത്പാദനം
അപേക്ഷിക്കാൻ
www.anert.gov.in എന്ന വെബ്സൈറ്റിലോ www.buymysun എന്ന ലിങ്കിലോ പ്രവേശിച്ച് അപേക്ഷിക്കാം. 1250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
പാരമ്പര്യേതര ഊർജ്ജസ്രോതസുകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. ബദൽ ഊർജ്ജ സ്രോതസ് എന്ന നിലയിൽ സൗരോർജ്ജപദ്ധതികൾക്ക് പ്രാധാന്യമേറെയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ആലപ്പുഴ മണ്ഡലത്തിൽ പദ്ധതി നടപ്പാക്കുന്നത്
-പി.പി.ചിത്തരഞ്ജൻ എം.എൽ.എ
പ്രതിമാസ വൈദ്യുതി ഉപഭോഗം എത്രയെന്ന് മനസിലാക്കി അതിനനുസരിച്ച് സ്ഥാപിക്കേണ്ട പ്ലാന്റിന്റെ ശേഷി നിശ്ചയിക്കാം. സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് മുടക്കുന്ന തുക വൈദ്യുതി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ 4 മുതൽ 7 വർഷത്തിനകം തിരികെ ലഭിക്കും
- ജെ.മനോഹർ, അനർട്ട് മൊബിലിറ്റി സെൽ ഹെഡ്