photo

ആലപ്പുഴ: ആയിരത്തിലേറെ ഗാനങ്ങൾ ഉൾപ്പെടുത്തി പുതിയ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ആഗ്രഹം സഫലീകരിക്കാനാകാതെയാണ് ആലപ്പുഴ രാജശേഖരൻ നായർ യാത്രയായത്. പ്രമേഹവും ന്യൂറോ സംബന്ധമായ രോഗവും തളർത്തിയെങ്കിലും രണ്ടാഴ്ച മുമ്പു വരെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന രാജശേഖരൻ നായർ ശനിയാഴ്ച രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.

ചങ്ങനാശ്ശേരി കുന്നന്താനം കണ്ണാടിപറമ്പിൽ പരേതരായ കെ.രാമൻ നായർ- തങ്കമ്മ ദമ്പതികളുടെ അഞ്ചുമക്കളിൽ നാലമനായി 1947ൽ ജനിച്ചു. രാജശേഖരൻ നായരുടെ ചെറുപ്പത്തിൽ തന്നെ പിതാവ് മരിച്ചു. പഠനത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് മറകടക്കാൻ സ്കോളർഷിപ്പ് ലഭിക്കുന്ന സംസ്കൃതം തിരഞ്ഞെടുത്തു. തിരുവല്ല കുറ്റൂർ തിരുമൂലപുരം എസ്.എൻ.വി സംസ്കൃത സ്കൂളിൽ നിന്ന് പത്താംക്ളാസ് വിജയിച്ചു. തിരുവനന്തപുരം സംസ്കൃത കോളേജിൽ നിന്ന് പ്രീഡിഗ്രി, ഡിഗ്രി, പി.ജി കോഴ്സുകൾ വിജയിച്ചു.

തുടർന്ന് തിരുവല്ല ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിൽ നിന്ന് ബി.എഡും കരസ്ഥമാക്കി. 1966ൽ ആലപ്പുഴ എസ്.ഡി.വി ഹൈസ്ക്കൂളിൽ സംസ്കൃത അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചതോടെ ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴ കിടങ്ങാംപറമ്പ് ചിത്തിര വീട്ടിലേക്ക് താമസം മാറി. പിന്നീട് ആര്യാട് തലവടിയിൽ താമസമാക്കി. 1998ൽ ഹൈസ്ക്കൂൾ ഹയർ സെക്കൻഡറിയായതോടെ നാലുവർഷം പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു. 36വർഷത്തെ സവീസ് പൂർത്തീകരിച്ച് 2002ൽ വിരമിച്ചതോടെ ആലപ്പുഴയിലെ സാഹിത്യ ,സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായി. പഠനകാലം മുതൽ കവിതകളും ലേഖനങ്ങളും എഴുതി പ്രസിദ്ധീകരണങ്ങൾക്ക് നൽകുന്നത് പതിവ് ശീലമായിരുന്നു. 1991ൽ സംസ്ഥാന-ദേശീയ അദ്ധ്യാപക പുരസ്കാരങ്ങൾ ലഭിച്ചു. 1991ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് 300അദ്ധ്യാപകർ ആലപിച്ച സ്വാഗതഗാനം എഴുതിയത് രാജശേഖരൻ നായരായിരുന്നു. മുൻമുഖ്യമന്ത്രി സി. അച്യുതമേനോൻ അവതാരിക എഴുതിയ നിറക്കൂട്ട് എന്ന കാവ്യസമാഹാരം ഉൾപ്പെടെ പത്തിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടംപേരൂർ ധർമ്മവേദിയുടെ പണ്ഡിത രത്ന പുരസ്കാരം, തൃശ്ശൂർ ഭരതമുദ്ര‌യുടെ സംസ്കൃത അദ്ധ്യാപക പുരസ്കാരം ഉൾപ്പെടെ നൂറിലധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ഇഷ്ടമാണ് പക്ഷേ" ഉൾപ്പെടെ ആറ് സിനിമകൾക്ക് ഗാനങ്ങൾ എഴുതി. 150ൽ അധികം ലളിതഗാനങ്ങളും രചിച്ചിട്ടുണ്ട്.