1
വേനൽ കടുത്തതോടെ നാട്ടിൻ പുറത്ത് നോക്കുകുത്തിയായ് മാറിയ വാട്ടർ കിയോസ്ക്കുകളിലൊന്ന്

കുടിവെള്ളക്ഷാമത്തിൽ വലഞ്ഞ് കുട്ടനാട്

കുട്ടനാട് : ചുറ്റും വെള്ളമാണെങ്കിലും കുടിക്കാൻ ഒരു തുള്ളിയ്ക്കായി നെട്ടോട്ടമോടുന്ന കുട്ടനാട്ടിൽ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ കിയോസ്കുകൾ നോക്കുകുത്തിയായി മാറി. കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടും ലോറികളിലോ വള്ളത്തിലോ ജലവിതരണം നടത്താത്തതിലും പ്രതിഷേധമുയരുന്നു.

വെളിയനാട് ,കാവാലം,പുളിങ്കുന്ന്, രാമങ്കരി,മുട്ടാർ തുടങ്ങിയ പഞ്ചായത്തുകളിലാണ് കുടിവെള്ളക്ഷാമം കൂടുതലായി അനുഭവപ്പെടുന്നത്. മുട്ടാർ പഞ്ചായത്തിലെ 1,2,3,11,12,13 വാർഡുകളിൽ പേരിന് പോലും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ പൈപ്പുകൾ സ്ഥാപിക്കാത്തതും വെള്ളം ലഭിക്കാത്തതുമായ പ്രദേശങ്ങളിൽ മുൻകാലങ്ങളിൽ നാട്ടുകാർക്ക് പ്രധാന ആശ്രയം പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ കിയോസ്കുകളായിരുന്നു. വേനൽ കടുക്കുന്നതോടെ പഞ്ചായത്തിന്റെയോ അല്ലെങ്കിൽ റവന്യു വകുപ്പ് അധികൃതരുടെയോ നേതൃത്വത്തിൽ ലോറിയിലും മറ്റും വെള്ളം കൊണ്ടുവന്നു കിയോസ്ക്കുകളിൽ നിറയ്ക്കും. ഈ വെള്ളം ആവശ്യത്തിനനുസരിച്ചു നാട്ടുകാർ ഉപയോഗിച്ചു വരികയായിരുന്നു പതിവ്. എന്നാൽ ഇത്തവണ ഇക്കാര്യത്തിൽ ഒരു നടപടിയുമായിട്ടില്ല.

തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിർവഹിക്കാനായി തോടുകളിലെയും മറ്റും മലിനജലം ഉപോയോഗിക്കേണ്ട ഗതികേടിലേക്ക് നാട്ടുകാർ.ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഓട്ടോയിലും ടൂവീലറുകളിലും മറ്റും പോയി ദൂരെ സ്ഥലങ്ങളിൽ നിന്നും കന്നാസുകളിൽ വെള്ളം ശേഖരിച്ചുകൊണ്ടുവരികയാണ് പലരും. നൂറും നൂറ്റമ്പതും രൂപ വരെ പ്രതിദിനം വെള്ളം വാങ്ങുന്നതിനായി ചിലവഴിക്കേണ്ടി വരുന്നുണ്ടെന്ന് കുട്ടനാട്ടുകാർ പറയുന്നു.

കിലോമീറ്ററുകൾ താണ്ടി കുടിവെള്ളവുമായി

വാട്ടർ കിയോസ്ക്കുകളിൽ വെള്ളം നിറയ്ക്കാൻ നടപടിയില്ല

ലോറി, വള്ളം എന്നിവയിൽ കുടിവെള്ളവിതരണം തുടങ്ങിയിട്ടില്ല

കിലോമീറ്ററുകൾക്കപ്പുറം പോയി കുടിവെള്ളം ശേഖരിക്കേണ്ടി വരുന്നു

തോടുകളിലെയും മറ്റും മലിനജലം ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും

ലോറിയിലും വള്ളത്തിലും കുടിവെള്ളവിതരണം നടത്താൻ റവന്യു വകുപ്പ് തയ്യാറാകണം .കൊവിഡിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർ കുടിവെള്ളത്തകിനായും പണം കണ്ടെത്തേണ്ട ഗതികേടിലാണ്

- ജോബിതോമസ് രാമങ്കരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്