
പൂച്ചാക്കൽ: കുംഭം എത്തുന്നതിന് മുമ്പേ വേനൽ കടുത്തതോടെ നാട്ടിൻപുറങ്ങളിലെ ജല സ്രോതസുകൾ വറ്റിവരണ്ടു തുടങ്ങി. ജലനിരപ്പ് താഴ്ന്നതോടെ വെള്ളം മലിനമായത് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കി. ക്ഷേത്രങ്ങളിലേയും തദ്ദേശസ്ഥാപനങ്ങളിലേയും കുളങ്ങളിൽ കുളിക്കാനും അലക്കാനും എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത് . ജലനിരപ്പ് ഒരു മീറ്ററോളം താഴ്ന്നതിനാൽ വെള്ളത്തിൽഎണ്ണയുടെ അംശം കൂടുതലാണെന്ന് മാത്രമല്ല പായൽ മൂടി ഉപയോഗശൂന്യമായ നിലയിലുമാണ്. ഇവിടെ കുളിക്കുന്നവർക്ക് ശരീരം ചൊറിച്ചിലും ത്വക് രോഗങ്ങളും ഉണ്ടാകുന്നതായി പറയപ്പെടുന്നു. കിണറുകളിലെ വെള്ളവും മലിനമായതിനാൽ പ്രദേശവാസികൾ കുടിവെള്ളത്തിനായി കൂടുതൽ ആശ്രയിക്കുന്നത് കുഴൽക്കിണറുകളെയാണ്. എന്നാൽ കുഴൽക്കിണറുകളിൽ നിന്ന് ലഭിക്കുന്ന വെള്ളം മഞ്ഞ നിറത്തിലുള്ളതാണ്. വെള്ളത്തിൽ തുരുമ്പിന്റെ അംശവും കൂടിയിട്ടുട്ടുമുണ്ട്. പാത്രം കഴുകാനും അലക്കാനും ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളത്തെ ആശ്രയിക്കേണ്ടി വരുന്നെന്ന് നാട്ടുകാർ പറയുന്നു.
തൈക്കാട്ടുശേരിയിലെ കന്നുകുളം, പാണാവള്ളി ആലുങ്കൽ ബസാറിലെ പഞ്ചായത്ത്കുളം, തളിയാപറമ്പ് തെക്ക് ആറാട്ടുകുളം, അരൂക്കുറ്റിയിലെ ആയിരത്തിയെട്ട് ജംഗ്ഷനിലെ കുളം തുടങ്ങിയ ജലാശയങ്ങൾ മലിനമായതോടെ ഇവിടെ സ്ഥിരമായി കുളിക്കാൻ എത്തിയിരുന്ന ആളുകൾ മറ്റ് മാർഗങ്ങൾ തേടിപ്പോയി. കൊവിഡ് പ്രതിസന്ധിയിൽ ക്ഷേത്രങ്ങൾ സാമ്പത്തിക ഞെരുക്കത്തിയലായതോടെ യഥാസമയം കുളങ്ങൾ വൃത്തിയാക്കുന്നതിന് സാധിക്കുന്നില്ല.
''പരമ്പരാഗത ജല സ്രോതസുകളിൽ ജലനിരപ്പ് താഴ്ന്നത് കാരണം ജപ്പാൻ കുടിവെള്ളമാണ് ഏക ആശ്രയം. തദ്ദേശസ്ഥാപന അധികൃതർ പൊതു കുളങ്ങളും കിണറുകളും വൃത്തിയാക്കാൻ തയ്യാറാവണം.
- നാട്ടുകാർ