s

ആലപ്പുഴ: കൊവിഡ് വ്യാപനം തടയാൻ ലോക് ഡൗണിന് സമാനമായ ഞായറാഴ്ച നിയന്ത്രണത്തോട് യാത്രകൾ ഒഴിവാക്കി ജനം ഇന്നലെയും സഹകരിച്ചു. കെ.എസ്.ആർ.ടി.സി ദീർഘദൂരസർവീസുകളാണ് കൂടുതലായി നടത്തിയത്. സ്വകാര്യ ബസുകളും ടാക്സികളും നിരത്തിലിറങ്ങിയില്ല. ആലപ്പുഴ ബീച്ചും വിജനമായിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത് എത്തിയ സഞ്ചാരികൾക്കായി ഹൗസ്‌ബോട്ടുകളും ശിക്കാരവള്ളങ്ങളും സവാരി നടത്തി. ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് നാമമാത്ര സർവിസുകളാണ് നടത്തിയത്. ഇതിൽ രണ്ടെണ്ണം ആരോഗ്യപ്രവർത്തകർക്കായുള്ളതായിരുന്നു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലേക്ക് ജലഗതാഗതവകുപ്പിന്റെ 50 ശതമാനം ബോട്ടുകൾ സർവീസ് നടത്തി. മുഹമ്മ, കുമരകം, കൃഷ്ണപുരം, കാവാലം, എടത്വ, നെടുമുടി തുടങ്ങിയ പ്രദേശങ്ങളിലേക്കായിരുന്നു സർവിസ്. യാത്രക്കാർ കുറവായിരുന്നു. ഹോട്ടലുകളിൽ പാഴ്സൽ വിതരണം മാത്രമായിരുന്നു.