
ആലപ്പുഴ : റോഡരികിൽ പാർക്ക് ചെയ്ത ബൈക്ക് പിന്നാലെ വന്ന മറ്റൊരു ബൈക്ക് ഇടിച്ച് തെറിപ്പിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയതിൽ നാലുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയിൽ ആലപ്പുഴ ബൈപ്പാസിൽ കൊമ്മാടി ജംഗ്ഷന് സമീപമായിരുന്നു സംഭവം. ആലപ്പുഴ ബീച്ച് വാർഡിലെ ഒരുകുടുംബത്തിലെ രണ്ട് കുട്ടികൾ ഉൾപ്പെടെ നാലു പേർ കൊമ്മാടി ബൈപ്പാസ് ജംഗ്ഷനിൽ ബൈക്ക് പാർക്ക് ചെയ്തശേഷം വിശ്രമിക്കുകയായിരുന്നു. ഇതിനിടെ രണ്ട് യുവാക്കൾ എത്തിയ ബൈക്ക് പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. തുടർന്ന് ഇരുസംഘങ്ങളും തമ്മിൽ വാക്കുതർക്കമായി. കുടുബത്തെ സഹായിക്കാൻ എത്തിയ ടൂറിസ്റ്റ് ടാക്സി ഡ്രൈവറെ യുവാക്കൾ മർദ്ദിച്ചു. തുടർന്ന് യുവാക്കളുടെ കൂട്ടാളികളായ ചിലർ സ്ഥലത്ത് എത്തിയതോടെ കൂട്ടയടിയായി. വിവരം അറിഞ്ഞ് നോർത്ത് പൊലീസ് സ്ഥലത്ത് എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാവിലെ സ്റ്റേഷനിൽ എത്തി മൊഴി തരണമെന്ന് ഇരുവിഭാഗങ്ങളോടും നിർദേശിച്ച് പരിക്കേറ്റവരെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു. ഇന്നലെ ഇരുവിഭാഗങ്ങളും സ്റ്റേഷനിൽ എത്താതിരുന്നതിനാൽ കേസെടുത്തില്ല. പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.