
ആലപ്പുഴ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്ക് തടയിടാൻ ജില്ലയിൽ ജാഗ്രതാ സമിതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കി. വാർഡ്,പഞ്ചായത്ത്, ജില്ലാതലം എന്നിങ്ങനെ ത്രിതല സമിതികളാണ് കഴിഞ്ഞ ഒക്ടോബറിൽ നിലവിൽ വന്നത്.
നിയമ സഹായം, പൊതുസമിതി, നിർവഹണ സമിതി, സഹായസമിതി എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനവുമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളെപ്പറ്റിയുള്ള പരാതികൾ സ്വീകരിക്കുന്നതിനൊപ്പം നിയമ സഹായം, പൊലീസ് സഹായം, കൗൺസിലിംഗ്, പുനരധിവാസം, മറ്റു വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ ഏകോപിപ്പിക്കുക എന്നിവയെല്ലാം ജാഗ്രതാ സമിതികളുടെ പ്രവർത്തനത്തിൽപ്പെടും. വാർഡ്, പഞ്ചായത്ത്, ജില്ലാ സമിതികൾക്കു പുറമേ ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസ്, വൺ സ്റ്റോപ്പ് സെന്റർ, സർവീസ് സെന്ററുകൾ എന്നിവിടങ്ങളിൽ ബന്ധപ്പെട്ടാൽ ആവശ്യമായ സഹായങ്ങൾ ലഭിക്കും. വാർഡുതലത്തിൽ തീർപ്പാക്കാൻ കഴിയാത്ത പരാതികൾ പഞ്ചായത്തുതലസമിതിക്ക് കൈമാറും. അവിടെയും തീർപ്പായില്ലെങ്കിൽ ജില്ലാസമിതിയുടെ പരിഗണന
യ്ക്ക് വിടും.
ത്രിതല ജാഗ്രതാ സമിതികൾ
വാർഡുതലം: പഞ്ചായത്തംഗം ചെയർമാൻ, അങ്കണവാടി വർക്കർ കൺവീനർ
പഞ്ചായത്ത്/നഗരസഭാ തലം: പഞ്ചായത്തിൽ പ്രസിഡന്റും നഗരസഭയിൽ അദ്ധ്യക്ഷൻ/അദ്ധ്യക്ഷ ചെയർപേഴ്സണും ഐ.സി.ഡി.എസ് സൂപ്പർവൈസർ കൺവീനറുമായിരിക്കും. പഞ്ചായത്ത്, നഗരസഭാ അംഗങ്ങൾ, പൊലീസ്, സി.ഡി.എസ് ചെയർപേഴ്സൺ, ആശാവർക്കറുടെ പ്രതിനിധി, അഭിഭാഷകർ, സി.ഐ, ഡോക്ടർ, വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധികൾ എന്നിവർ അംഗങ്ങളും.
ജില്ലാ തലം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും വനിതാ ശിശു ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ കൺവീനറുമായ സമിതിയിൽ ആലപ്പുഴ, ചെങ്ങന്നൂർ ആർ.ഡി.ഒമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, രണ്ട് അഭിഭാഷകർ, വനിത-ശിശു സംരക്ഷണ ഓഫീസർമാർ എന്നിവർ അംഗങ്ങളും.
പരിഗണിക്കുന്ന കുറ്റകൃത്യങ്ങൾ
 സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ
 സ്വാതന്ത്ര്യ നിഷേധം
 അവകാശ ലംഘനം
 2005ലെ ഗാർഗിക പീഡന നിരോധന നിയമം
 സ്ത്രീധന നിരോധന നിയമം
 ബാലവേല നിരോധന നിയമം
 ശൈശവ വിവാഹ നിരോധന നിയമം
 പോക്സോ ആക്ട്
ലഭിക്കുന്ന സേവനങ്ങൾ
1.നിയമ സഹായം
2.പൊലീസ് സഹായം
3.കൗൺസിലിംഗ്, പുനരധിവാസം
4.വൈദ്യസഹായം
5.മറ്റ് വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ
സേവനം ലഭിക്കുന്ന നമ്പരുകൾ:
ജില്ലാ ജാഗ്രതാ സമിതി: 83308 83545
മഹിളാ ശക്തി കേന്ദ്ര: 86061 10900
ജില്ലാ വനിതാ ശിശു വികസന ഓഫീസ്: 0477 2960147
ജില്ലാ വനിതാ സംരക്ഷണ ഓഫീസ്: 0477296 0170
ജില്ലാ ശിശു സംരക്ഷണ ഓഫീസ്: 0477 2241644
മിത്ര ഹെൽപ് ലൈൻ: 181
വൺ സ്റ്റോപ് സെന്റർ: 94953 26115
ജില്ല ജാഗ്രതാ സമിതിയുടെ മുന്നിൽ സ്ത്രീകളുമായി ബന്ധപ്പെട്ട മൂന്ന് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ജനുവരിയിൽ പരിഗണിക്കാനായി തീരുമാനിച്ചെങ്കിലും കൊവിഡ് നിയന്ത്രണം മൂലം മാറ്റി. വൈകാതെ അപേക്ഷകളിൽ തീർപ്പാക്കും.
-ഷീബ, ജില്ല ഓഫീസർ,
വനിതാ-ശിശു വികസന വകുപ്പ്