
ആലപ്പുഴ: കൊവിഡ് മൂന്നാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കലാപരിപാടികൾ ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് വിലക്ക് വന്നതോടെ ഉത്സവപറമ്പുകളിൽ കച്ചവടം നടത്തി ഉപജീവനമാർഗം കണ്ടെത്തിയിരുന്നവരുടെ വരുമാനം നിലച്ചു.
വിവിധ തരം കളിപ്പാട്ടങ്ങൾ, വളകൾ, ചാന്ത്, കുങ്കുമം, മാല, പാവകൾ, ബലൂൺ, കളിത്തോക്കുകൾ, റിമോട്ടിൽ സഞ്ചരിക്കുന്ന കാറുകൾ തുടങ്ങിയ ഇനങ്ങൾ പലകച്ചവടക്കാരും ഉത്സവക്കച്ചവടത്തിനായി വാങ്ങിക്കൂട്ടിയിരുന്നു. സാധാരണ ഒരു ഉത്സവ സീസണാണ് ഇവർക്ക് ഒരു വർഷത്തേക്കുള്ള വരുമാനം നൽകുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും നഷ്ടപ്പെട്ട സീസൺ ഇത്തവണയെങ്കിലും തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പലരും. ഇതിനിടെയാണ് കൊവിഡ് മൂന്നാം തരംഗത്തിന്റെ വരവ്. ഉത്സവങ്ങൾക്ക് തുടക്കമായതോടെ പണം കടംവാങ്ങിയും പലിശയ്ക്കുവാങ്ങിയുമെല്ലാമാണ് കച്ചവടത്തിനായി സാധനങ്ങൾ സ്വരൂക്കൂട്ടിയത്. ഉത്സവങ്ങളുടെ തുടക്കത്തിൽത്തന്നെ നിയന്ത്രണങ്ങൾ വന്നതോടെ ഇനി എന്തുചെയ്യുമെന്നറിയാതെ പകച്ചിരിക്കുകയാണ് കച്ചവടക്കാർ.
സീസണും നഷ്ടവും
നവംബർ മുതൽ മേയ് വരെയാണ് ഉത്സവ കച്ചവടസീസൺ. മുൻകാലങ്ങളിൽ ഒരു സീസണിൽ 100 മുതൽ 150 വരെ ഉത്സവങ്ങൾക്ക് പോയിരുന്നെങ്കിൽ ഇപ്പോഴത് 30ൽത്താഴെ മാത്രമായെന്ന് കച്ചവടക്കാർ പറയുന്നു.
ബലൂൺ, ലേസർ ലൈറ്റുകൾ, തോക്കുകൾ, വാഹനങ്ങൾ, കിച്ചൺ സെറ്റുകൾ എന്നിങ്ങനെ എല്ലാതരം കളിപ്പാട്ടങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ വിലവർദ്ധന ഉത്സവ കച്ചവടത്തിൽ കൊണ്ടുവരാനാകില്ലെന്ന് കച്ചവടക്കാർ പറയുന്നു. ഒരു ചെറുകിട കളിപ്പാട്ട കച്ചവടക്കാരന് സാധനങ്ങൾ വാങ്ങുന്നതിന് 25,000 മുതൽ 75,000 രൂപവരെ ചിലവുവരും.
.
"നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഉത്സവപറമ്പിൽ കച്ചവടം ചെയ്തു ഉപജീവനം നടത്തുന്ന ജില്ലയിലെ കച്ചവടക്കാർക്ക് ധനസഹായം അനുവദിക്കണം. തുടർച്ചയായ മൂന്നാം വർഷമാണ് നൂറിൽ പ്രതീക്ഷ തകരുന്നത്.
- സുനിൽകുമാർ, ഹരിപ്പാട്