
ആലപ്പുഴ : തിരുവനന്തപുരം - കോഴിക്കോട് റൂട്ടിലോടുന്ന ബൈപ്പാസ് റൈഡറിൽ കയറാൻ ആലപ്പുഴയിലെയും ചേർത്തലയിലെയും യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളായ ഫീഡർ സ്റ്റേഷനുകൾ അണിയറയിൽ ഒരുങ്ങുന്നു. ഉപയോഗശൂന്യമായി കിടന്നിരുന്ന ജൻറം ബസുകളാണ് ഫീഡർ സ്റ്റേഷനുകളായി രൂപം മാറുന്നത്. സീറ്റിംഗ് രീതികൾ പുനഃക്രമീകരിച്ചും, ലൈറ്റ്, ഫാൻ സൗകര്യങ്ങൾ സജ്ജീകരിച്ചുമാണ് ഫീഡർ വാഹനങ്ങൾ സ്റ്റോപ്പിലെത്തുക.
റൈഡർ സർവീസിൽ കയറാനുള്ള യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രങ്ങളാണ് ഫീഡർ സ്റ്റേഷനുകൾ. നഗരത്തിൽ കൊമ്മാടിയിലും, ചേർത്തലയിൽ റെയിൽവേ സ്റ്റേഷന് സമീപവുമാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ജില്ലയിൽ ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം വഴിയാണ് റൈഡർ സർവീസ്. കായംകുളത്തും, ഹരിപ്പാടും സ്റ്റാൻഡുകൾ ദേശീയപാതയോരത്തായതിനാൽ പ്രത്യേക ക്രമീകരണങ്ങളുടെ ആവശ്യമില്ല. ആലപ്പുഴയിലും, ചേർത്തലയിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകൾ ഹൈവേയിൽ നിന്ന് ദൂരെയായതിനാലാണ് ഫീഡർ സ്റ്റേഷനുകൾ സജ്ജീകരിക്കുന്നത്.
കണക്‌ഷൻ സർവീസ്
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരെ ഫീഡർ സ്റ്റേഷനിലെത്തിക്കാൻ മൂന്ന് വീതം ബസുകൾ ഉപയോഗിക്കും. ഫീഡറിലേക്ക് മാത്രമായി യാത്രക്കാർ കുറവായിരിക്കുമെന്നതിനാൽ, ആലപ്പുഴയിൽ നിന്ന് കലവൂർ റൂട്ടിൽ കണക്ഷൻ സർവീസാണ് അധികൃതർ ആലോചിക്കുന്നത്. ജനറൽ ആശുപത്രി - കളക്ടറേറ്റ് - കൊമ്മാടി ഫീഡർ സ്റ്റേഷൻ - കലവൂർ റൂട്ടിൽ ബസുകൾ ഓടുന്നതോടെ സർക്കാർ ജീവനക്കാരുൾപ്പടെയുള്ള യാത്രക്കാരുടെ യാത്രാക്ലേശത്തിനും പരിഹാരമാകും. ചേർത്തലയിൽ റെയിൽവേ സ്റ്റേഷൻ റൂട്ടിലാവും ബസുകൾ ക്രമീകരിക്കുക.
സമയലാഭം
തിരുവനന്തപുരം റൂട്ടിൽ നിന്ന് വരുന്ന സൂപ്പർഫാസ്റ്റ് ബസ് ബൈപാസ് കയറാതെ, കളർകോട് - തിരുവമ്പാടി റൂട്ടിലൂടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കയറി കൊമ്മാടിയെത്തുമ്പോൾ 30 മിനിറ്റിലധികം നഷ്ടമാകും. അതേ സമയം കളർകോട് ബൈപാസിൽ നിന്ന് നേരെ പോയാൽ 8 മിനിട്ടിനകം കൊമ്മാടി കടക്കാം.
ഫീഡർ സ്റ്റേഷനുകൾ 24 മണിക്കൂറും
ഓരോ സ്റ്റോപ്പിലും ഇരുവശങ്ങളിലായി 2 ഫീഡർ സ്റ്റേഷനുകൾ
സ്റ്റേഷനിൽ ഓരോ ജീവനക്കാർ
സീറ്റ്, ലൈറ്റ്, ഫാൻ സൗകര്യം
':ഈ മാസം 15നകം ബൈപാസ് റൈഡർ സർവീസാരംഭിക്കാനാകും. യാത്രക്കാർക്ക് വിശ്രമകേന്ദ്രമായും കാത്തിരിപ്പ് കേന്ദ്രമായും ഉപയോഗിക്കാവുന്ന തരത്തിലാണ് ഫീഡർ സ്റ്റേഷനുകൾ തയാറാക്കുന്നത്. വൈദ്യുതീകരണ ജോലികൾ അവസാനഘട്ടത്തിലാണ്
-അശോക് കുമാർ, ഡി.ടി.ഒ, ആലപ്പുഴ