
ആലപ്പുഴ: പിണറായി വിജയൻ പല്ലു പറിച്ചെടുത്ത ലോകായുക്ത പിരിച്ചു വിടണമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ലോകായുക്ത സംവിധാനത്തിനായി ഇനി കോടിക്കണക്കിനു രൂപ ചെലവിടുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ അവസാനത്തെ വാതിലും അടച്ചു അന്ത്യകൂദാശ നടത്തി. 'കറുത്ത' ഓർഡിനൻസിലൂടെ കരിനിയമം നടപ്പാക്കാൻ ശ്രമിക്കുകയാണ്. പേഴ്സണൽ സ്റ്റാഫിൽ ബി.ജെ.പിക്കാരനെ നിയമിക്കാൻ വേണ്ടി ഗവർണർ മുമ്പു പറഞ്ഞതെല്ലാം വിഴുങ്ങി. മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയുടെ പരിഗണനയിലിരിക്കവേ ഇത്തരമൊരു ഓർഡിനൻസ് കൊണ്ടുവന്നത് അധികാര ദുർവിനിയോഗവും അധാർമ്മികവുമാണ്.
ഗവർണർ- മുഖ്യമന്ത്രി കൂട്ടുകച്ചവടം പ്രതിപക്ഷം അനുവദിക്കില്ല . കാനം രാജേന്ദ്രന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് 60 സീറ്റിൽ ബി.ജെ.പിയുടെ പിന്തുണ ലഭിച്ചിരുന്നതായും ചെന്നിത്തല ആരോപിച്ചു.
ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, നെടുമുടി ഹരികുമാർ, സഞ്ജീവ്ഭട്ട് എന്നിവരും രമേശിനൊപ്പം ഉണ്ടായിരുന്നു.