
ആലപ്പുഴ:കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദുവിന് അനുകൂലമായുള്ള വിധിക്കെതിരെ ലോകായുക്തയിൽ റിവ്യൂ ഹർജി നൽകിയതായി രമേശ് ചെന്നിത്തല പറഞ്ഞു. ഹർജി അംഗീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. തന്റെ ഭാഗം കേൾക്കാതെയാണ് പരാതി തള്ളിയത്. ഗവർണർ ഉന്നയിച്ച കാര്യങ്ങൾ പരിഗണിക്കണമെന്ന് തന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ വിധിക്കുശേഷം പരിഗണിക്കാമെന്നായിരുന്നു ലോകായുക്തയുടെ മറുപടി. സംസ്കാരം കഴിഞ്ഞ് പ്രാർത്ഥന നടത്താമെന്ന ലോകായുക്തയുടെ അഭിപ്രായം അധിഷേപിക്കുന്നതിനു തുല്യമാണ്.
കണ്ണൂർ യൂണിവേഴ്സിറ്റി നിയമത്തിലെ സെക്ഷൻ 10 അനുസരിച്ചാണ് നിയമനം നടത്തേണ്ടത്. സെർച്ചുകമ്മിറ്റി പിരിച്ചുവിട്ട മന്ത്രി ബിന്ദു അധികാര ദുർവിനിയോഗം നടത്തിയെന്നതു വ്യക്തമാണ്.
സ്വർണക്കടത്തു കേസിൽ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്തണം. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്നു തെളിഞ്ഞു. രാജ്യദ്രോഹം, കള്ളക്കടത്ത് കേസുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അധികാരമുപയോഗിച്ചാണ് ഒത്താശചെയ്തത്.സ്വർണക്കടത്തിൽ എല്ലാവർക്കും കമ്മിഷൻ കിട്ടിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.