
വള്ളികുന്നം: നടൻ,നാടകകൃത്ത്, സംവിധായകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു എൻ.എസ്. പ്രകാശെന്ന് സിനിമാ സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ പറഞ്ഞു. നടനും നാടക സംവിധായകനായിരുന്ന എൻ.എസ്. പ്രകാശിനെ അനുസ്മരിച്ചു 'ഇവിടം'സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ' ഓർമ്മ' എന്ന പേരിൽ വെർച്വലായി സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രമോദ് പയ്യന്നൂർ. നാടക കലാപ്രവർത്തകരെയും സംഘടനകളെയും മൂക്ക് കയറിടാൻ ശ്രമിക്കുന്ന ഒരുസമീപനം രാജ്യത്തെമ്പാടുമുണ്ട്.ഇത്തരം സന്ദർഭങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുകയും അത് ഉറക്കെ പറയാൻ ധൈര്യം കാണിക്കുകയും ചെയ്ത എൻ.എസ്. പ്രകാശിനെ പോലെയുള്ളവരുടെ സംഭാവന എന്നും സ്മരിക്കപ്പെടേണ്ടതാണ്. നാടകം എന്ന കലാരൂപത്തെ പ്രതിരോധത്തിന്റെയും സാമൂഹികമാറ്റത്തിന്റെയും ശക്തമായ ഉപാധിയാക്കിമാറ്റിയ മലയാളിയുടെ നാടക പാരമ്പര്യത്തെ ഉയർത്തിപ്പിടിച്ച അതുല്യ പ്രതിഭയായിരുന്നു എൻ.എസ്.പ്രകാശെന്ന് പ്രമോദ് പയ്യന്നൂർ അനുസ്മരിച്ചു. റിയാസ് ഇല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജയിൽ ഡി.ഐ.ജി സന്തോഷ് സുകുമാരൻ, കേരളകൗമുദി ചീഫ് റിപ്പോർട്ടർ ശ്രീകുമാർ പള്ളീലേത്ത് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഇലിപ്പക്കുളം രവീന്ദ്രൻ, റാഫി കാമ്പിശ്ശേരി, രാജൻ കൈലാസ്, ഷാനവാസ് വള്ളികുന്നം, താഹ കൊല്ലേത്ത്, കെ.പി.എസി അഷ്റഫ്, രാജീവ് പുരുഷോത്തമൻ, ഡോ. സുഷമ അജയൻ എന്നിവർ സംസാരിച്ചു. കെ.എ.നാസർ സ്വാഗതവും മനോജ് കീപ്പള്ളി നന്ദിയും പറഞ്ഞു.
ഇലിപ്പക്കുളം നല്ലവീട്ടിൽ തറവാട്ടിലെ എൻ.എസ്.പ്രകാശിന്റെ സ്മൃതികുടീരത്തിൽ രാവിലെ ബന്ധുക്കളും സുഹൃത്തുക്കളും സാംസ്‌കാരിക പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ഇവിടം ഭാരവാഹികളായ എൻ.എസ്. സലിം കുമാർ, പ്രദീപ് തോപ്പിൽ, ടി.സുരേന്ദ്രൻ എന്നിവർ അനുസ്മരണ പരിപാടികൾക്ക് നേതൃത്വം നൽകി.