
അമ്പലപ്പുഴ: കഴിഞ്ഞ ദിവസം വീണ്ടും പൊട്ടിയ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ജലവിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. ഇന്നലെ രാവിലെയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് കുഴിച്ച് പണിയാരംഭിച്ചത്. ഇതോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്ന് പണി പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
കടപ്ര ആറ്റിൽ നിന്ന് ജലം കരുമാടി പ്ലാന്റിലേക്ക് എത്തിക്കുന്ന പൈപ്പ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവെ ക്രോസിന് 100 മീറ്റർ കിഴക്ക് മാറിയാണ് പൊട്ടിയത്. കേളമംഗലം മുതൽ തകഴി റെയിൽവെ ക്രോസു വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗത്ത് 68-ാമത് തവണയാണ് പൈപ്പ് പൊട്ടുന്നത്. ഇവിടെ നിലവാരം കുറഞ്ഞ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ ഉടൻ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.