ചേർത്തല : ജില്ലയിൽ പ്രാഥമിക കയർ സംഘങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. പല സംഘങ്ങളും തൊഴിലാളികൾക്ക് മാസത്തിൽ പത്തുദിവസം പോലും തൊഴിൽ നൽകാനാകാത്ത സ്ഥിതിയിലാണ്.സർക്കാർ സഹായം ലഭിക്കാത്തതും കയർ വിൽപ്പന വില ലഭിക്കാത്തതുമാണ് സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.കഴിഞ്ഞ സാമ്പത്തികവർഷം മാർക്കറ്റിംഗ് ഇൻസെന്റീവായി സംഘങ്ങൾക്ക് സർക്കാരിൽ നിന്ന് രണ്ടര കോടി രൂപയോളമാണ് ലഭിക്കാനുള്ളത്.ഇതിനൊപ്പം ജീവനക്കാരുടെ ശമ്പളയിനത്തിൽ ഗ്രാന്റായി ലഭിച്ചിരുന്ന മാനേജീരിയൽ ഗ്രാന്റും ലഭിച്ചിട്ടില്ല.ആലപ്പുഴ പ്രോജക്ടിന്റെ പരിധിയിൽ 166 ഓളം സംഘങ്ങളാണ് ഉള്ളത്. സംഘങ്ങളുടെ ഉന്നതാധികാര സ്ഥാപനമായ കയർഫെഡ് സംഭരിച്ച കയറിന്റെ വിലയിനത്തിൽ കോടികൾ സംഘങ്ങൾക്ക് ലഭിക്കാനുണ്ടെന്ന് കയർ സംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരും പറയുന്നു. സംഘങ്ങളിലെ കൂലി വിതരണവും മുടങ്ങി.
സംഘങ്ങളിൽ ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീനുകളിൽ ഉത്പാദിപ്പിക്കുന്ന കയർ കയർഫെഡ് യഥാസമയം സംഭരിക്കാത്തതിനാൽ മെഷീനുകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
കയർ സംഘങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്റിയും കയർവകുപ്പുമന്ത്റിയും അടിയന്തരമായി ഇടപെടണമെന്ന് ആലപ്പുഴ കയർ പ്രോജക്ടിന് കീഴിലെ കയർ സംഘങ്ങളുടെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു. .ചേർത്തല വുഡ്‌ലാൻഡ് ഓഡിറ്റോറയത്തിൽ നടന്ന യോഗത്തിൽ ഡി.സൽജി അദ്ധ്യക്ഷനായി.ഡി.ഷാജി.സി.വി.സുരേന്ദ്രൻ,കെ.രവീന്ദ്രൻ,ടി.പി.ജേക്കബ്,കെ.പി.മോഹനൻ,ഇ.വി.രവീന്ദ്രൻ,എം.ജി.തിലകൻ,ബി.ദിലീപ്,ടി.വി.കാർത്തികേയൻ,കല,എൻ.ഷീജ,എ.ജ്യോതി എന്നിവർ പങ്കെടുത്തു.