
ചേർത്തല: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ തണ്ണീർമുക്കം പഞ്ചായത്ത് സി.ഡി.എസിന് 1.45 കോടി രൂപ വായ്പ നൽകി. 29 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കാണ് വായ്പ. മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് പുറമെ സ്വയംതൊഴിൽ–വിവാഹ–സുവർണശ്രീ വായ്പകളും വിതരണംചെയ്തു.
പഞ്ചായത്ത് ഹാളിലെ ചടങ്ങിൽ മന്ത്റി പി.പ്രസാദ് വായ്പാവിതരണം ഉദ്ഘാടനംചെയ്തു. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ .പ്രസാദ് അദ്ധ്യക്ഷനായി. പുതുതായി ചുമതലയേറ്റ ചെയർമാനെ മന്ത്റി പൊന്നാടയണിയിച്ച് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.മഞ്ജുള,വൈസ് പ്രസിഡന്റ് പ്രവീൺ ജി.പണിക്കർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സുരേഷ്‌കുമാർ, മിനി ലെനിൻ,സ്വപ്‌ന,സാനു സുധീന്ദ്രൻ, പി.പി.ഉദയസിംഹൻ,ശ്രീജ ഷിബു എന്നിവർ സംസാരിച്ചു. മൂന്ന് കോടി രൂപവരെ വായ്പ നൽകുന്ന പദ്ധതിയിൽ 5ശതമാനംവരെയാണ് പലിശ. താലൂക്കിൽ താത്പ്പര്യമുള്ള സി.ഡി.എസുകൾ 6282013845 നമ്പരിൽ ബന്ധപ്പെടണം.