കായംകുളം:കൈക്കുഞ്ഞുമായി റെയിൽവേ ട്രാക്കിലിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആലപ്പുഴ വനിത ശിശു ക്ഷേമ വകുപ്പിന്റെ സ്നേഹിത കേന്ദ്രത്തിൽ എത്തിച്ചു. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. ആന്ധ്ര പ്രദേശ് സ്വദേശിയായ യുവതി തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസ് ട്രെയിനിൽ കായംകുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയും കുഞ്ഞിനെ റെയിൽവേ ട്രാക്കിൽ കിടത്തുകയും ചെയ്യുകയായിരുന്നു. ഇതുകണ്ട മറ്റു യാത്രക്കാരും നാട്ടുകാരും റെയിൽവേ പൊലീസിലും കായംകുളം പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. പൊലീസ് എത്തി കുട്ടിയെ റെയിൽവേ ട്രാക്കിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും യുവതി വീണ്ടും കുട്ടിയെ ട്രാക്കിൽ കിടത്തി. തുടർന്ന് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗംകൂടിയായ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റ നിർദ്ദേശപ്രകാരം ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ ഷമീർ സ്ഥലത്തെത്തി വനിത ശിശു ക്ഷേമ വകുപ്പിന്റെ സ്നേഹിത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.