obit

ചേർത്തല : വിഷു വിപണി ലക്ഷ്യം വച്ച് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വെള്ളരി വർഗ്ഗ ഇനങ്ങളുടെ കൃഷിക്കുള്ള വിത്തുവിതരണം കൃഷിവകുപ്പുമന്ത്റി പി.പ്രസാദ് നിർവഹിച്ചു. കേരള കാർഷിക സർവകലാശാലയിൽ നിന്നാണ് പഞ്ചായത്ത് വിത്തു വാങ്ങിയത്.സൗഭാഗ്യ ഇനത്തിൽപ്പെട്ട കണിവെള്ളരി,ഷുഗർ ബേബി ഇനത്തിലെ തണ്ണിമത്തൻ ,ഇന്ദു ഇനത്തിലെ കുമ്പളം എന്നിവയ്ക്കു പുറമേ മനുപ്രഭ ഇനത്തിലെ തക്കാളി, ഉജ്ജ്വല ഇനത്തിലെ പച്ചമുളക് എന്നിവയും നൽകി. ഒരു വാർഡിൽ ഇരുപത് ഗ്രൂപ്പുകൾക്ക് വീതമാണ് വിത്തുകൾ നൽകിയത്. ഗ്രൂപ്പടിസ്ഥാനത്തിലുള്ള കൃഷിയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായാണ് പഞ്ചായത്ത് സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നത്.
പതിനെട്ടു വാർഡുകളിലുമുള്ള കർഷക ഗ്രൂപ്പുകൾക്കും കുടുംബശ്രീ ജെ.എൽ.ജികൾക്കുമാണ് വിത്തുകൾ നൽകുന്നത്. കാരിക്കുഴി പാടശേഖരത്തിനു സമീപം നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തേഷ് കുമാർ സ്വാഗതം പറഞ്ഞു.ബിജി അനിൽകുമാർ,രജനി രവി പാലൻ, ജി. ഉദയപ്പൻ,വി.ടി. സുരേഷ്,എം.ഡി സുധാകരൻ,ആർ.രവി പാലൻ,സി.കെ. മനോഹരൻ,സി.കെ.നടേശൻ എന്നിവർ സംസാരിച്ചു.