
ഗുണനിലവാരമില്ലാത്ത പൈപ്പുകൾ മാറ്റിയിടുന്ന ജോലികൾ നാളെ ആരംഭിക്കും
ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ഗുണനിലവാരമില്ലാത്ത പൈപ്പ് മാറ്റി പകരം പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ജോലികൾ നാളെ ആരംഭിക്കും. ഇതോടെ ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ടു പഞ്ചായത്തുകളിലും കുടിവെള്ളം അടിക്കടി മുടങ്ങുന്നതിന് പരിഹാരമാകും.
അമ്പലപ്പുഴ-തിരുവല്ല റോഡിൽ തകഴി കേളമംഗലം ഭാഗത്തെ ഒന്നര കിലോമീറ്ററിൽ റോഡ് പൊളിക്കാൻ യൂഡിസ്മാറ്റ് അധികൃതർ കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് നിർദേശിച്ച 1.02കോടി രൂപ അടച്ചു. തുടർന്ന് റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അനുമതി നൽകി. 2020 ഒക്ടോബർ മുതൽ റോഡ് പൊളിക്കാനായി യൂഡിസ്മാറ്റ് അധികൃതർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് അപേക്ഷ നൽകിയെങ്കിലും ഒന്നരവർഷമായിട്ടും അനുമതി നൽകാത്തതിനാൽ പൈപ്പ് മാറ്റിയിടാൻ കഴിഞ്ഞില്ല. പൊട്ടിയ പൈപ്പുകളിൽ അറ്റകുറ്റപ്പണി നടത്തിയതിന് വാട്ടർ അതോറിട്ടിക്ക് ഇതിനകം അഞ്ച് കോടിയിലധികം രൂപ നഷ്ടമായി.
കേളമംഗലം ഭാഗത്ത് അടിക്കടി പൈപ്പ് പൊട്ടുന്നതുമൂലം ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ടു പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുന്നത് പതിവായ സാഹചര്യത്തിലാണ് ഗുണനിലവാരമില്ലാത്ത 1524 മീറ്റർ പൈപ്പ് മാറ്റിയിടാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഉൾപ്പെടെ 68 തവണയാണ് പൈപ്പ് പൊട്ടിയത്. ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും അറ്റകുറ്റപണിക്കായി കുറഞ്ഞത് അഞ്ച് മുതൽ ഏഴ് ലക്ഷം രൂപവരെ ചെലവഴിക്കേണ്ടിവരും.
പുതിയ പൈപ്പിടുന്നത് കരാറുകാരന്റെചെലവിൽ
പൈപ്പ് മാറ്റിയിടുന്നതിന് വാട്ടർ അതോറിട്ടി ടെൻഡർ നടപടി ആരംഭിച്ചതോടെ യൂഡിസ്മാറ്റ് പദ്ധതി ഏറ്റെടുത്ത കരാറുകാരൻ ആദ്യ കരാർ ധാരണപ്രകാരം സ്വന്തം ചിലവിൽ 1524 മീറ്റർ പൈപ്പ് മാറ്റിയിടാൻ തയ്യാറായി. ഇതിനാവശ്യമായ എം.എസ് പൈപ്പ് കരാറുകാരൻ പ്രദേശത്ത് എത്തിച്ചിട്ട് ഒന്നരവർഷമായി. പൈപ്പ് മാറ്റിയിടുന്ന ജോലികൾ ആരംഭിക്കാനിരിക്കെയാണ് കൊവിഡ് വീണ്ടും ശക്തി പ്രാപിച്ചത്. പിന്നീട് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നിട്ടും റോഡ് പൊളിക്കുന്നതിനുള്ള അനുമതി ലഭിച്ചില്ല. പ്രദേശത്തിന്റെ പ്രത്യേകത അനുസരിച്ച് മഴക്കാലത്തിനു മുമ്പ് ജോലികൾ തീർക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ പൈപ്പ് മാറ്റിയിടാനുള്ള ജോലികൾ ആരംഭിക്കുന്നത്.
പമ്പിംഗ് മുടങ്ങും
പൈപ്പ് മാറ്റിയിടുന്ന ജോലികൾ ആരംഭിക്കുമ്പോൾ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ കരുമാടിയിലെ ശുദ്ധീകരണ പ്ളാന്റിൽ നിന്നുള്ള പമ്പിംഗ് നിറുത്തിവയ്ക്കേണ്ടി വരും. ഇത് കുടിവെള്ള വിതരണം താറുമാറാക്കും. കുടിവെള്ളം എത്തിക്കാനുള്ള ബദൽ സംവിധാനം ഏർപ്പെടുത്തേണ്ടി വരും.
₹15.31കോടി : ഗുണനിലവാരമില്ലാത്ത പൈപ്പ് മാറ്റി സ്ഥാപിക്കാൻ സർക്കാർ അനുവദിച്ചത്
1524 മീറ്റർ : പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടത്
68 : പദ്ധതിയിൽ ഇതുവരെ പൈപ്പ് പൊട്ടിയത് 68 തവണ
5: അറ്റകുറ്റപണിക്ക് ചിലവഴിച്ചത് അഞ്ചുകോടി
'പൈപ്പ് സ്ഥാപിക്കാനായി റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അനുമതി നൽകിയതിനാൽ പൈപ്പ് മാറ്റിയിടുന്ന ജോലികൾ നാളെ മുതൽ ആരംഭിക്കും. കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയ ഭാഗത്തയ തകരാർ പരിഹരിച്ച് ഇന്നലെ വൈകിട്ട് മുതൽ പമ്പിംഗ് പുനഃസ്ഥാപിച്ചു.
- പ്രോജക്ട് മാനേജർ, യൂഡിസ്മാറ്റ്