ഫോഗിംഗും നിലച്ചു
ആലപ്പുഴ: കൊതുകുജന്യ രോഗങ്ങൾ വ്യാപകമാകുന്ന സമയത്തേക്ക് മാത്രം കൊതുക് സാന്ദ്രതാ പഠനം ഒതുങ്ങിയതും, ഫോഗിംഗ് നിലച്ചതും മൂലം വേനൽക്കാലത്തും നഗരത്തിൽ കൊതുക് ശല്യം രൂക്ഷം. ഓടയിലെയടക്കം വെള്ളം ഒഴുക്കില്ലാതെ കിടക്കുന്നതാണ് കൊതുക് പെരുകാൻ കാരണം.
ചിക്കുൻഗുനിയ, മലേറിയ പോലുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ മാത്രമാണ് ജില്ലയിൽ കൊതുക് സാന്ദ്രതാ പഠനം നടത്തുന്നതെന്ന് ആരോഗ്യ വിഭാഗം അധികൃതർ പറയുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ കൂത്താടികൾ കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഫോഗിംഗ് നടക്കാറുള്ളത്. പഠനം നിലച്ചതോടെ ഫോഗിംഗുമില്ലാതായി. ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്നതിനാൽ തുടർച്ചയായ ഫോഗിംഗിനെ പ്രോത്സാഹിപ്പിക്കാറില്ല. സംസ്ഥാന സർക്കാരിന്റെ കീഴിൽ ജനറൽ ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർ കൊതുക് സാന്ദ്രതാ പഠനം നടത്തിയിരുന്നെങ്കിലും ജീവനക്കാരുടെ എണ്ണം കുറഞ്ഞതോടെ നിലച്ചു. നിലവിൽ ആരോഗ്യ വിഭാഗത്തിന് കീഴിൽ മാത്രമാണ് സർവ്വേ നടക്കുന്നത്.
ബാറ്റിന് ഡിമാൻഡ്
സന്ധ്യാസമയം മുതൽ പുലർച്ചെ വരെയാണ് നഗരത്തിലെ കിഴക്കൻ വാർഡുകളിൽ കൊതുക് ശല്യം രൂക്ഷമാകുന്നത്. ഇതോടെ വിപണിയിൽ കൊതുകിനെ കൊല്ലുന്ന ബാറ്റുകളുടെ വിൽപ്പന വർദ്ധിച്ചിട്ടുണ്ട്. സാധാരണ ഉപയോഗിക്കാറുള്ള പ്രതിരോധ മാർഗങ്ങളായ കൊതുകുതിരി പോലുള്ളവ കുട്ടികളിലടക്കം ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതിനാൽ ബാറ്റുകൾക്കാണ് ആവശ്യക്കാർ കൂടുതൽ.
സർവ്വേ നടക്കുന്നില്ല
ഓടകളിലെ വെള്ളം ഒഴുകിപ്പോകാത്തത് ഭീഷണി
ഫോഗിംഗ് നിലച്ചിട്ട് മാസങ്ങൾ
കൊതുക് ജന്യ രോഗങ്ങൾ പടർന്ന് പിടിക്കുന്ന സമയത്ത് മാത്രമാണ് സർവ്വേ നടക്കാറുള്ളത്. സർവ്വേ അനുസരിച്ചാണ് ആവശ്യമെങ്കിൽ ഫോഗിംഗിന് ജീവനക്കാരെ നിയോഗിക്കുന്നത്. ഇവ രണ്ടും നിലച്ചിട്ട് നാളുകൾ ഏറെയായി -
-ആരോഗ്യ വിഭാഗം, നഗരസഭ