ആലപ്പുഴ: ഇന്ധനവി​ലകൊണ്ട് പൊറുതി​മുട്ടുന്ന ഉപഭോക്താക്കൾക്ക് ആശ്വാസമായി​ ആലപ്പുഴ, ചേർത്തല , അമ്പലപ്പുഴ മണ്ഡലങ്ങളി​ൽ ഇലക്ട്രി​ക് ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു.

ഇന്ധനവിലയുടെ ഭീകരതയിൽ നിന്ന് കരകയറാൻ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണി​ത്. മൂന്ന് മണ്ഡലങ്ങളിലായി 15 ചാർജിംഗ് സ്റ്റേഷനുകളാണ് വരുന്നത്. കെ.എസ്.ഇ.ബിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റേഷനുകൾ അനുവദിച്ച മുറയ്ക്ക് പ്രധാനപാതകൾക്ക് സമീപത്തെ പൊതു ഇടങ്ങളിലാണ് സ്റ്റേഷനുകൾ വരുന്നത്. ദീർഘദൂര യാത്രകൾ ചെയ്യുന്ന ഇലക്ട്രിക് വാഹന യാത്രക്കാർക്കും ആലപ്പുഴയിലെ ഇലക്ട്രിക്ക് വാഹന ഉടമകൾക്കും പദ്ധതി ഒരുപോലെ പ്രയോജനം ചെയ്യും. ചാർജിംഗ് സ്റ്റേഷനുകളോടെ ചേർന്ന് തന്നെ വാഹനങ്ങൾക്കും ഉപയോക്താക്കൾക്കും ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കും. പരിസ്ഥിതി മലിനീകരണവും ഇന്ധനച്ചെലവും കുറയ്ക്കാെമെന്നതാണ് പദ്ധതിയുടെ ഗുണം.

ആലപ്പുഴയിലെ ചാർജ്ജിംഗ് സ്റ്റേഷനുകൾ

നഗര ചത്വരം, കളപ്പുര ഗസ്റ്റ് ഹൗസ്, മണ്ണഞ്ചേരി സ്‌കൂൾ ജംഗ്ഷൻ, കലവൂർ, മാരാരിക്കുളം കളിത്തട്ട്

അമ്പലപ്പുഴയിലെ ചാർജ്ജിംഗ് സ്റ്റേഷനുകൾ

ഇ.എം.എസ് സ്റ്റേഡിയം, കളർകോട് പതിയാംകുളങ്ങര ക്ഷേത്രത്തിന് സമീപം, കപ്പക്കട, വളഞ്ഞവഴി, പുറക്കാട്

#കെ.എസ്.ഇ.ബി ഫീഡറുകൾക്ക് സമീപമാകും ചാർജിംഗ് സ്റ്റേഷനുകൾ

#ആദ്യ ഘട്ടത്തിൽ ടൂ വീലർ, ത്രീ വീലർ വാഹനങ്ങൾ ചാർജ് ചെയ്യാം

ലാഭം ആയി​രങ്ങൾ

ഒരു പെട്രോൾ ഓട്ടോറിക്ഷ 120 കിലോമീറ്റർ ഓടുവാൻ 14 ലിറ്റർ പെട്രോൾ വേണം. എന്നാൽ ഇത്ര ദൂരം ഓടാൻ ഇലക്ട്രിക്ക് ഓട്ടോറിക്ഷയ്ക്ക് ശരാശരി ഏഴ് യൂണിറ്റ് വൈദ്യുതി മതിയാകും. പെട്രോൾ ഓട്ടോ ഓടിക്കുന്ന ഒരാൾ ശരാശരി ഒരു മാസം 3600 കി.മീറ്റർ ഓടാൻ 13500 രൂപ ചെലവ് വരുമ്പോൾ ഇലക്ട്രിക്ക് ഓട്ടോയ്ക്ക് ഇതേ ദൂരം ഓടാൻ പരമാവധി 2200 രൂപയേ ചെലവാകൂ. ചുരുങ്ങിയത് 11,000 രൂപ ലാഭിക്കാം.