
അമ്പലപ്പുഴ: വഴിയിൽ നിന്ന് കിട്ടിയ സ്വർണാഭരണം ബിരുദ വിദ്യാർത്ഥിനി പൊലീസ് സ്റ്റേഷനിലെത്തി ഉടമയ്ക്കു കൈമാറി. ആലപ്പുഴ എസ് .ഡി കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിനിയും വാടയ്ക്കൽ വല്ലയിൽ വീട്ടിൽ മണിക്കുട്ടൻ - നിർമ്മല ദമ്പതികളുടെ മകളുമായ മീരകൃഷ്ണനാണ് അരപ്പവൻ തൂക്കം വരുന്ന ബ്രേസ്:ലെറ്റ് തിരികെ നൽകിയത്.
കഴിഞ്ഞ ദിവസം വീടിനു സമീപത്തെ വഴിയിൽ നിന്നുമാണ് ഇത് മീരയ്ക്ക് കിട്ടിയത്. വിവരം വീട്ടിലറിയിച്ച് അച്ഛനുമായി മീര പുന്നപ്ര പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ മീരയുടെ സമീപവാസി ഷാൻ - അഞ്ജു ദമ്പതികളുടെ മകൾ പാർവ്വതിയുടേതാണ് ആഭരണമെന്ന് കണ്ടെത്തി. തുടർന്ന് പുന്നപ്ര എസ് .എച്ച് .ഒ ലൈസാദ് മുഹമ്മദിന്റെ സാന്നിദ്ധ്യത്തിൽ മീര ആഭരണം പാർവതിക്ക് കൈമാറി. .പുന്നപ്ര വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി .സരിത, അംഗം രഞ്ജിത്ത്, സി.പി. എം ഏരിയ കമ്മിറ്റി അംഗം എ.പി.ഗുരുലാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. സി.പി. എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി അംഗമാണ് മീരയുടെ പിതാവ് മണിക്കുട്ടൻ.