ambala

അമ്പലപ്പുഴ: ആലപ്പുഴ കുടിവെളള പദ്ധതിയുടെ തകഴിഭാഗത്തെ പൈപ്പ് ലൈൻ മാറ്റിയിടുന്ന പ്രവൃത്തി നാളെ ആരംഭിക്കുമെന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. മണ്ഡലത്തിലെ കുടിവെള്ള വിതരണത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ ചേർന്ന വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരം പൊട്ടുന്ന തകഴിയിലെ 1500 മീറ്റർ പൈപ്പ് മാറ്റി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലൂടെ മാത്രമേ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കുവാൻ കഴിയു . ഇത് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പൈപ്പിടാൻ പൊട്ടിക്കേണ്ടിവരുന്ന റോഡ് പുനർ നിർമ്മിക്കുവാൻ വേണ്ടി വരുന്ന പണം വാട്ടർ അതോറിട്ടി പൊതുമരാമത്ത് വകുപ്പിന് കൈമാറി.നിലവിലെ കുഴൽ കിണറുകളിൽ നിന്നുള്ള ജലലഭ്യത വർദ്ധിപ്പിക്കുവാനുള്ള അടിയന്തിര നടപടികളും ഇതോടൊപ്പം സ്വീകരിക്കും. ആലിശേരി, തൂക്കുകുളം, പുന്നപ്ര സുനാമി കോളനി, അമ്പലപ്പുഴ നോർത്ത് വാർഡ് 6, അമ്പലപ്പുഴ വാർഡ് 14, പുറക്കാട് എന്നിവിടങ്ങളിൽ ഉടൻ കുഴൽ കിണറുകൾ സ്ഥാപിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ചും ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയും പുതിയ നാല് ഓവർ ഹെഡ് ടാങ്കുകളും നിർമ്മിക്കും. ചുടുകാട്, ചന്ദനക്കാവ്, വഴിച്ചേരി, നീർക്കുന്നം എന്നിവിടങ്ങളിലാണ് ടാങ്കുകൾ നിർമ്മിക്കുന്നത്. യോഗത്തിൽ വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനീയർ എ.ഷീജ, പ്രോജക്ട് എസ് .എൽ. ജയരാജ്, എക്സിക്യൂട്ടീവ് എൻജിനീയർ എൻ. ആർ. ഹരി, ഗ്രൗണ്ട് വാട്ടർ എക്സിക്യൂട്ടീവ് എൻജിനീയർ പി .വി. ജാനറ്റ്, അസി.എക്സിക്യൂട്ടീവ് എൻജിനീയർ എൻ. നൂർജഹാൻ, വാട്ടർ അതോറിട്ടി (കിഫ്ബി) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇന്ദു.പി.നാഥ്, അസി. എണജിനീയർബ്രൈറ്റ് എന്നിവർ പങ്കെടുത്തു.