ayurveda-hospital

സർക്കാർ കെട്ടിടത്തിൽ നി​ന്ന് മാറി​ ഗവ.ആയുർവേദ ഡിസ്പെൻസറി

മാന്നാർ: അരനൂറ്റാണ്ടായി​ സർക്കാർ കെട്ടി​ടത്തി​ൽ പ്രവർത്തി​ച്ചുവന്നി​രുന്ന മാന്നാർ ഗവ. ആയുർവേദ ഡി​സ്പെൻസറി​ വാടകക്കെട്ടി​ടത്തി​ലേയ്ക്ക്. നാളുകളായി​ ആയുർവേദാശുപത്രി​ക്കെട്ടി​ടം ജീർണാവസ്ഥയി​ലായതി​നെത്തുടർന്നാണ് മാറ്റം.

മാന്നാർ ടൗണിൽ തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയോരത്ത് പഴയ മാർക്കറ്റിനു സമീപമുള്ള സർക്കാർ കെട്ടിടത്തിലാണ് ഗവ.ആയുർവേദ ഡിസ്പെൻസറി പ്രവർത്തിച്ചിരുന്നത്.

ഒ.പി,ഫാർമസി, അടുക്കള എന്നിവക്കായി ഇടുങ്ങിയ മുറികളും ഇടനാഴിയും ചേർന്ന കെട്ടിടത്തിൽ രോഗികൾ വളരെ ഞെരുങ്ങിയാണ് നിന്നിരുന്നത്. ചികിത്സ തേടിയെത്തുന്നവരിൽ ഏറിയ പങ്കും വയോജനങ്ങളാണ്. ഡോക്ടർ, ഫാർമസിസ്റ്, അറ്റൻഡർ, പാർട് ടൈം സ്വീപ്പർ എന്നിങ്ങനെ നാല് ജീവനക്കാരാണ് ഈ ഡിസ്പെൻസറിക്കുള്ളത്. മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകളായ മേൽപാടം,വള്ളക്കാലി,പാവുക്കര പ്രദേശങ്ങളിൽ നിന്നും പരുമല,പാണ്ടനാട്, ബുധനൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പോലും ചികിത്സ തേടി രോഗികൾ ഇവിടെയെത്താറുണ്ട്. ടൗണിൽത്തന്നെയായതിനാൽ യാത്രാ സൗകര്യം നോക്കിയാണ് ദൂരെ നിന്ന് പോലും ഇവിടേക്ക് രോഗികൾ എത്തുന്നത്. സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റേഷൻ ചെയ്യിപ്പിക്കാനും നിരവധിപേർ ദിവസവും ഇവിടെ എത്താറുണ്ട്. ടൗണിൽത്തന്നെ സൗകര്യപ്രദമായ ഒരിടം കണ്ടെത്തി ആയുർവേദാശുപത്രി പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

1972 വരെ മാന്നാറിലെ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം ആയുർവേദ ഡിസ്പെൻസറിയായി മാറ്റുകയായിരുന്നു. മാന്നാർ ടൗണിലെ പമ്പ്ഹൗസിനു തെക്കുവശമുള്ള വാടകക്കെട്ടിടത്തിലായിരുന്നു അതിനു മുമ്പ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. മൂന്നു സെന്റ് വസ്തുവിൽ സ്ഥിതിചെയ്യുന്ന കെട്ടിടം റോഡിനോട് വളരെചേർന്നായിരുന്നതിനാൽ പാർക്കിംഗ് സൗകര്യവും ഉണ്ടായിരുന്നില്ല. കാലപ്പഴക്കത്താൽ തകരാറിലായ കെട്ടിടം അൺഫിറ്റ് പട്ടികയിൽ പെടുത്തിയി​രുന്നു.

മാന്നാർ പഞ്ചായത്ത് പതിനാറാംവാർഡിൽ വാടകക്കെടുത്ത കെട്ടിടത്തിലേക്കാണ് ഇപ്പോൾ ഗവ.ആയുർവേദ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങുവാൻ പോകുന്നത്. ഉടൻതന്നെ അങ്ങോട്ട് മാറുവാനുള്ള നടപടികൾ നടന്നുകൊണ്ടി​രി​കയാണെന്ന് ഡോ. വിനോദ് നമ്പൂതിരി പറഞ്ഞു.

മാന്നാർ പൊലീസ് സ്റ്റേഷന് സമീപത്തായി ആയുർവേദാശുപത്രികെട്ടിടം നിർമ്മിക്കുന്നതിനുള്ള അനുമതിക്കായി നിവേദനങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അതിനായി ശ്രമങ്ങൾ നടത്തിയിരുന്നു.

ഷൈന നവാസ്,

ടൗൺ വാർഡ് മെമ്പർ

സൗകര്യപ്രദമായ സർക്കാർ വക സ്ഥലം കണ്ടെത്തുന്നത് വരെ താത്കാലികമായിട്ടാണ് വാടകക്കെട്ടിടത്തിലേക്ക് മാറുന്നത്. ആധുനിക സൗകര്യങ്ങളോടെ ആയുർവേദാശുപത്രി പുന:സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് ആവശ്യമായ നടപടികൾ കൈക്കൊള്ളും.


ടി.വി രത്നകുമാരി, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്