
മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ മേനാമ്പള്ളി ആശാരിപറമ്പിൽ ശാലിനി സഞ്ജീവ് ഗൗരിചരിതം കഥ ആദ്യമായി സംസ്‌കൃതത്തിൽ നാല് പാദങ്ങളിൽ രചിച്ച് കുത്തിയോട്ടപ്പാട്ടാക്കിയതിന്റെ സമർപ്പണം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു. ശാലിനി കുത്തിയോട്ടപ്പാട്ട് ഗൗരിചരിതം കഥ കുത്തിയോട്ട ആചാര്യൻ മറ്റം വടക്ക് തോണ്ടുതറയിൽ നാരായണപിള്ളയുടെ നേതൃത്വത്തിൽ ദേവി സമക്ഷം ആലപിച്ച് സമർപ്പിച്ചു.
അഞ്ചാം ക്ലാസ്സുമുതൽ സംസ്കൃതം പഠിക്കുന്ന ശാലിനി സംസ്കൃതത്തിൽ നിരവധി കീർത്തനങ്ങളും ഗാനങ്ങളും രചിച്ച് ചിട്ടപ്പെടുത്തിയിട്ടുണ്ട്. ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ 39കാരി. ഇലക്ട്രോണിക്‌സിൽ ഡിപ്ലോമയെടുത്ത് മാന്നാർ ഇന്റർ നാഷണൽ ഐ.ടി.സിയിൽ ഇലക്ട്രോണിക്സ് ഇൻസ്ട്രക്ടറായ ശാലിനി ചെന്നിത്തല തെക്കുംമുറി കൊച്ചുവീട്ടിൽ പൊന്നപ്പനാചാരിയുടെയും സരസമ്മയുടെയും മകളാണ്. ഭർത്താവ് സഞ്ജീവ് ആചാര്യ കൊട്ടിയം ഒ.ജി.ടി.എം സ്കിൽ അക്കാദമിയിൽ ഓട്ടോമൊബൈൽ ട്രെയിനറും ചാനലുകളിൽ എന്റർടെയിൻമെന്റ് പ്രോഗ്രാം അവതാരകനും മോട്ടിവേഷൻ ക്ലാസ് അദ്ധ്യാപകനുമാണ്. സഞ്ജീവ് അഭിനയിച്ച 'നിപ' എന്ന സിനിമ മാർച്ചിൽ റിലീസാകും. ഒരു വയസുകാരൻ അഗൻ മകനാണ്.
ചടങ്ങിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് എം.കെ.രാജീവ്, സെക്രട്ടറി എം.മനോജ് കുമാർ, കരീലക്കുളങ്ങര സ്പിന്നിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിത ബാബു, കായംകുളം നഗരസഭ അംഗം ഡി.അശ്വനിദേവ്, മാവേലിക്കര നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി എൻ.റൂബിരാജ്, ചലച്ചിത്ര നിർമ്മാതാവ് മധുസൂദനൻ മാവേലിക്കര, കുത്തിയോട്ട ആചാര്യൻ മറ്റം വടക്ക് തോണ്ടുതറയിൽ നാരായണപിള്ള, ഹരിപ്പാട് പ്രസന്നകുമാർ, മേനാമ്പള്ളി ഹൈന്ദവ കരയോഗം പ്രസിഡന്റ് കെ. കൃഷ്ണകുമാർ, സെക്രട്ടറി എ. കൃഷ്ണപ്രസാദ്, കരനാഥന്മാർ തുടങ്ങിയവർ പങ്കെടുത്തു.