മാന്നാർ: പാവുക്കര വിരുപ്പിൽ ശ്രീ ഭദ്രകാളീ ദേവീക്ഷേത്രത്തിൽ ആണ്ടുതോറും മകര കാർത്തിക മഹോത്സവത്തിനോടനുബന്ധിച്ച് നടത്തി വരാറുള്ള പൊങ്കാല ഇന്ന് രാവിലെ എട്ടു മുതൽ ക്ഷേത്രതന്ത്രി നീലകണ്ഠൻ നാരായണ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി ഗിരീഷ് നമ്പൂതിരിയുടെയും കാർമികത്വത്തിൽ നടക്കും. എട്ടു മുതൽ അഞ്ച് വരെ ജ്യോതിലക്ഷ്മിയുടെയും പാർട്ടിയുടെയും ഭാഗവത പാരായണവും 10 മുതൽ നവകവും ഉച്ചപൂജയും നടക്കും. വൈകിട്ട് 5.30 നു ആരംഭിക്കുന്ന എതിരേൽപ് തൃക്കുരട്ടി മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നും ഭദ്രദീപം പകർന്ന് താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടുകൂടി മുക്കാത്താരിൽ എത്തി പനച്ചുവട്ടിൽ ഗുരുതി വഴിപാടുകൾ നടത്തി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.
നാളെ വെളുപ്പിന് 4 മുതൽ കോലം എഴുന്നള്ളത്തും വൈകിട്ട് 4 മുതൽ ഗുരുതി വഴിപാടിനും ശേഷം മൂന്നു ദിവസത്തേക്ക് ക്ഷേത്ര നട അടച്ചിടുമെന്ന് ക്ഷേത്ര ഭരണ സമിതി അറിയിച്ചു.