s

ആലപ്പുഴ: പൊതുപരീക്ഷാ ഡ്യൂട്ടിയിൽ എയ്ഡഡ് സ്കൂൾ അദ്ധ്യാപകരോട് വിവേചനം കാട്ടുന്നെന്ന് പരാതി. പരിഷ്‌കരിച്ച ഹയർ സെക്കൻഡറി പരീക്ഷാ മാന്വവൽ പ്രകാരം പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷയ്ക്ക് ചീഫ് സൂപ്രണ്ടാകാൻ ഗവ.ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് മാത്രമാണ് അനുമതി.

ഇതോടെ സർവീസ് സീനിയോറിറ്റിയുള്ള എയ്ഡഡ് ഹയർസെക്കൻഡറി അദ്ധ്യാപകർക്ക് ഇനിമുതൽ സർക്കാർ അദ്ധ്യാപകരുടെ കീഴിൽ ഇൻവിജിലേറ്ററായി ജോലി ചെയ്യേണ്ടിവരും. കേരള സിലബസിൽ പരീക്ഷ നടക്കുന്ന ഗൾഫ് രാജ്യങ്ങളിലെ അൺ എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലെല്ലാം പൊതു പരീക്ഷയ്ക്കുള്ള ചീഫ് സൂപ്രണ്ട് അൺഎയ്ഡഡ് അദ്ധ്യാപകർ തന്നെയാണ്. മാർച്ച് മാസത്തിലെ പൊതുപരീക്ഷയ്ക്ക് കേരളത്തിൽ നിന്നുള്ളവർ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി ഗൾഫിലെ സ്കൂളുകളിൽ പരീക്ഷാ ഡ്യൂട്ടിക്ക് പോകാറുണ്ടെങ്കിലും, തുടർന്ന് നടക്കുന്ന ഇംപ്രൂവ്‌മെൻറ്, സേ പരീക്ഷകൾക്കെല്ലാം അൺ എയ്ഡഡ് അദ്ധ്യാപകർ തന്നെയാണ് അവിടെ ഡെപ്യൂട്ടി സൂപ്രണ്ടായും പ്രവർത്തിക്കുന്നത്.

പരീക്ഷ സംബന്ധിച്ച് ഉണ്ടാകുന്ന വീഴ്ച്ചകൾക്ക് ഗവൺമെന്റ് - എയ്ഡഡ് അദ്ധ്യാപകർക്ക് ഒരേ ശിക്ഷണനടപടികൾ തന്നെയാണ് കൈക്കൊള്ളുന്നതെന്നിരിക്കെ, ചീഫ് സൂപ്രണ്ട് പദവിയിൽ നിന്നു മാത്രം അകറ്റി നിർത്തുന്നതിലെ സാംഗത്യം എന്താണെന്ന് അദ്ധ്യാപകർ ചോദിക്കുന്നു. അൺ എയ്ഡഡ് സ്‌കൂളുകളിലെ പ്രായോഗിക പരീക്ഷ നടത്തുന്നതിനുള്ള എക്‌സ്റ്റേണൽ എക്‌സാമിനർമാരായി പോലും എയ്ഡഡ് അദ്ധ്യാപകരെ നിയമിക്കാൻ പാടില്ലെന്നാണ് പുതിയ മാന്വവൽ നിഷ്കർഷിക്കുന്നത്.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ പോലും പ്രിസൈഡിംഗ് ഓഫീസർമാരായി എയ്ഡഡ് ഹയർസെക്കൻഡറി അദ്ധ്യാപകരെ നിയമിച്ചു വരുമ്പോൾ പരീക്ഷാ ഡ്യൂട്ടിയിൽ നിന്നു മാത്രം ഒഴിവാക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ഇരു കൂട്ടർക്കും യോഗ്യത ഒന്നാണെന്നിരിക്കേ വിവേചനം നടപ്പാക്കുന്നത് അപമാനിക്കുന്നതിനു തുല്യമാണ്.

- എസ്.മനോജ്, ജനറൽ സെക്രട്ടറി, എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ