
ആലപ്പുഴ: അടിയന്തരഘട്ടങ്ങളിലെ ഇടപെടലുകൾക്കായി സംസ്ഥാന യുവജനക്ഷേമ ബോർഡ് പ്രാദേശിക തലത്തിൽ സന്നദ്ധ സേന രൂപീകരിക്കും. ഒരു തദ്ദേശസ്ഥാപനത്തിൽ 50 യുവതീയുവാക്കളെ ഉൾപ്പെടുത്തിയാണ് സേന സജ്ജമാക്കുന്നത്. ജില്ലയിൽ ആകെ 3900 സേനാംഗങ്ങളുണ്ടാവുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊലീസ്, ഫയർഫോഴ്സ്, ഡിസാസ്റ്റർ മാനേജ്മെന്റ്, എക്സൈസ്, ആരോഗ്യം, പാലിയേറ്റിവ് കെയർ എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെ പരിശീലനം നൽകും. സേനാ ക്യാപ്റ്റൻമാരായ 78 പേർക്ക് ഇന്ന് മുതൽ നാല് ദിവസത്തെ പരിശീലനം നൽകും. മാവേലിക്കര പുന്നമൂട് ജീവാരാം ബഥനി ആശ്രമത്തിൽഇന്ന് രാവിലെ 10ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ യുവജനക്ഷേമ ബോർഡംഗം എസ്.ദീപു, ജെയിംസ് ശാമുവേൽ, ആർ.എസ്.ചന്ദ്രികാദേവി എന്നിവർ പങ്കെടുത്തു.