
ആലപ്പുഴ: അഞ്ച് വർഷങ്ങൾക്ക് മുമ്പൊരു വൈകുന്നേരം കരുനാഗപ്പള്ളി തേവലപ്പുറം ഗുരുമന്ദിരത്തിലെ കഥാപ്രസംഗ വേദിയിൽ ഒപ്പമിരിക്കേണ്ട ഓർക്കസ്ട്ര സംഘത്തെ കാണാതെ വെട്ടിവിയർത്ത മണിക്കൂറുകളോട് ഈ കൊവിഡ് കാലത്ത് നന്ദി പറയുകയാണ് കാഥികൻ ആലപ്പി രമണൻ. കലാകാരന്റെ കണ്ണിൽ ഇരുട്ടു കയറുന്ന ആ സംഭവം മനസിൽ നിന്ന് ഒരിക്കലും മായില്ല . സിനിമാ താരത്തിന്റെ പരിപാടിയിൽ ബുക്കിംഗ് ലഭിച്ചതോടെ തന്നെ ഒഴിവാക്കി ഓർക്കസ്ട്ര സംഘം മുങ്ങിയെന്ന വിവരം വൈകി അറിയുമ്പോഴേക്കും പരിപാടി സ്ഥലത്ത് നിന്ന് സംഘാടകരുടെ വിളി തുരുതുരായെത്തിക്കൊണ്ടിരുന്നു.
നൂറുകണക്കിന് വേദികളെ പിടിച്ചിരുത്തിയ കലാകാരൻ സംഘാടകർക്ക് മുന്നിൽ തന്റെ നിസഹായാവസ്ഥ തുറന്നുപറഞ്ഞെങ്കിലും, പരിപാടി സ്ഥലത്തെത്താതെ നിർവാഹമില്ലെന്നായി. പിന്നെ, രണ്ടും കൽപ്പിച്ച് വേദിയിലേക്ക്. ഓർക്കസ്ട്ര സംഘത്തിന്റെ ചതി കാണികളോട് തുറന്നു പറഞ്ഞു . 'ശ്രീനാരായണ ഗുരുദേവൻ' എന്ന കഥ ഓർക്കസ്ട്രയുടെ സഹായമില്ലാതെ അവതരിപ്പിക്കുകയാണെന്ന പ്രഖ്യാപനവും നടത്തി. സംഭാഷണങ്ങളും പാട്ടും കഥയുമായി പിന്നിട്ട മണിക്കൂറുകൾക്കൊടുവിൽ കഥാപ്രസംഗം വൻ വിജയമെന്ന സർട്ടിഫിക്കറ്റോടെ കാണികളുടെ കരഘോഷം കരയാകെ നിറഞ്ഞു. അന്നു മുതൽ രമണൻ ഒന്നു തീരുമാനിച്ചു. ഇനി ഓർക്കസ്ട്ര സഹായം വേണ്ട. ഒറ്റയാൾ കഥാപ്രസംഗം മതി. ഒറ്റയാൾ പ്രകടനമായതു കൊണ്ട് കൊവിഡ് കാലത്തും ആലപ്പി രമണനെന്ന 72കാരന് വേദികൾക്ക് കുറവില്ല.
ജയിലുകളുടെ സ്വന്തം കാഥികൻ
സംസ്ഥാനത്ത് ആലപ്പി രമണന്റെ കഥാപ്രസംഗം അവതിരിപ്പിക്കപ്പെട്ടിട്ടില്ലാത്ത ജയിലുകൾ കുറവാണ്. ജയിൽ ദിനാഘോഷത്തിന്റെ ഭാഗമായാണ് ബുക്കിംഗുകൾ ലഭിക്കുന്നത്. കലാകാരനായി ജയിലിലെത്തും മുമ്പ്, അടിയന്തരാവസ്ഥ കാലത്ത് കസ്റ്റഡിയിലെത്ത് ജയിലിലിടക്കപ്പെട്ട സംഭവവും രമണന്റെ ജീവിതത്തിലുണ്ട്. ജയിലിലടയ്ക്കപ്പെട്ട ഗുരുനാഥൻ സാംബശിവനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി കരുണാകരന് കത്തയച്ച കാരണത്താലായിരുന്നു അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവമറിഞ്ഞ എ.കെ.ജി സ്മാരക വായനശാലക്കാർ രമണന്റെ കഥാപ്രസംഗം ബുക്ക് ചെയ്തു. വായനശാല പ്രസിഡന്റായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു അന്ന് അവിടെ സ്വീകരണം നൽകിയത്.
ഗുരുപ്രഭാഷകൻ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയാണ് തന്നെ ഗുരുപ്രഭാഷകനാക്കിയതെന്ന് രമണൻ പറയുന്നു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ സ്വാമി ശാശ്വതികാനന്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഭാഷകനാകാനുള്ള ക്ഷണം. ശാഖാതലങ്ങളിലെ കുടുംബയൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ പ്രഭാഷണങ്ങളും. പ്രഭാഷണത്തിലും കഥാപ്രസംഗത്തിന്റെ ടച്ച് കൊണ്ടുവരുന്നതാണ് ആലപ്പി രമണന്റെ ശൈലി.
അവതരണം ഒറ്റക്കായതിനാൽ സാമൂഹിക അകലം ഉറപ്പ്. പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിനാൽ സംഘാടകർക്ക് ടാക്സിക്കൂലിയും ലാഭം. കൊവിഡ് കാലത്തും കൈനിറയെ വേദി ലഭിക്കുന്നതിന് കാരണമിതാണ്
- ആലപ്പി രമണൻ