
ആലപ്പുഴ: എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായി പമ്പാനദിയിൽ ദേശീയ ജലപാതക്ക് കുറുകെ പുനർനിർമ്മിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പൈലിംഗ് ജോലികൾ നിറുത്തിവച്ചു. ദേശീയജലപാത അതോറിട്ടിയുടെ ചട്ടം ലംഘിച്ചുള്ള നിർമ്മാണമായതിനാലാണ് നിർമ്മാണ ജോലികൾ നിറുത്തിവയ്ക്കാൻ കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കിയത്.
നിലവിലെ പാലത്തിന് സമാന്തരവായി അതേ നീളത്തിലും വീതിയിലും പാലം നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ ഡിസൈന്റെ അടിസ്ഥാനത്തിലാണ് പൈലിംഗ് ജോലികൾ ആരംഭിച്ചത്. എന്നാൽ ദേശീയ ജലപാതക്ക് കുറുകേയുള്ള നിർമ്മാണ ജോലികൾ നടത്തുമ്പോൾ ഉൾനാടൻ ജലപാത അതോറിട്ടിയുടെ അനുമതി വാങ്ങണം. ഈ ഉത്തരവ് വാങ്ങിയിരുന്നില്ല. കഴിഞ്ഞ ദിവസം ദേശീയജലപാത അതോറിട്ടി അധികൃതർ പള്ളാത്തുരുത്തി സന്ദർശിച്ചപ്പോൾ, പുതിയ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു, തുടർന്നാണ് ജോലികൾ നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. ദേശീയജലപാത ചട്ടം വരുന്നതിന് മുമ്പാണ് നിലവിലെ പള്ളാത്തുരുത്തി പാലം നിർമ്മിച്ചത്. ഈ പാലത്തിന്റെ രണ്ട് തൂണുകൾ തമ്മിലുള്ള അകലം 29 മീറ്ററാണ്..
നിലവിലെ നിയമ പ്രകാരം പാലത്തിന് വേണ്ടത്
പ്രളയ കാലത്തെ ജലനിരപ്പിൽ നിന്ന് ആറ് മീറ്റർ ഉയരം
രണ്ട് തൂണുകൾ തമ്മിലുള്ള അകലം 40മീറ്റർ
രണ്ട് ബാർജുകൾ ഒരസമയം കടന്നു പോകാനുള്ള വീതി
പുതിയ ഡിസൈൻ
ദേശീയജലപാത അതോറിട്ടിയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള പുതിയ ഡിസൈൻ ഒരാഴ്ചക്കുള്ളിൽ സമർപ്പിച്ച് അനുമതി വാങ്ങാനാണ് കെ.എസ്.ടി.പി അധികൃതരുടെ തീരുമാനം. പുതിയ ഡിസൈൻ അനുസരിച്ച് പള്ളാത്തുരുത്തിയിൽ പുതിയ പാലം ഉയരത്തിൽ നിർമ്മിക്കുന്നതോടെ അപ്രോച്ച് റോഡിന്റെയും സമീപപാതയുടെയും ഉയരം കൂട്ടേണ്ടി വരും. നവീകരണത്തിന്റെ ഭാഗമായി എ.സി റോഡിലെ കലുങ്കുകളും ചെറിയ പാലങ്ങളും പൊളിച്ച് പുതുക്കി പണിതു.
"പുതിയ ഡിസൈൻ തയ്യാറാക്കി ദേശീയ ജലപാത അതോറിട്ടിയുടെ അനുമതിയോടെയേ പള്ളാത്തുരുത്തിയിൽ പൈലിംഗ് ജോലികൾ ആരംഭിക്കുകയുള്ളൂ
- സ്മിത, അസി. എക്സിക്യൂട്ടീവ് എൻജിനീയർ