
ആലപ്പുഴ: റീസർവ്വേയിലെ തെറ്റ് തിരുത്താൻ ആലപ്പുഴ ആർ.ഡി.ഒക്ക് നൽകി പരാതിയിൽ 20മാസം പിന്നിട്ടിട്ടും തീർപ്പായില്ലെന്ന് ആക്ഷേപം. അമ്പലപ്പുഴ വടക്ക് വില്ലേജിൽ ബ്ളോക്ക് 13-ൽ റീസർവേ 180-ൽപ്പെട്ട വസ്തുവിലെ താമസക്കാരായ 26 കുടുംബങ്ങൾ ഉൾപ്പെടെ 120അപേക്ഷകരാണ് ഇതേത്തുടർന്ന് ദുരിതക്കയത്തിലായത്. കരം അടക്കാൻ കഴിയാതെ വന്നതോടെ ലൈഫ് ഭവനപദ്ധതിയും പഞ്ചായത്തിന്റേതുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥയാണ്. നാല് പതിറ്റാണ്ടായി പുരയിടമായി കരം അടച്ചിരുന്ന വസ്തു റീസർവേയിൽ നിലമായാണ് ഡാറ്റാബാങ്കിലുള്ളത്. ഇത് മാറ്റി കിട്ടുന്നതിന് അഞ്ച്, ആറ് എന്നീ നമ്പരിലുള്ള ഫോറത്തിൽ റവന്യൂ അധികാരികൾക്ക് അപേക്ഷ നൽകിയിരുന്നു
26കുടുംബങ്ങൾ കൂട്ടായും ഒറ്റയ്ക്കുമായി ആലപ്പുഴ ആർ.ഡി.ഒക്ക് 2020 ജൂൺ മാസം 18ന് നൽകിയ അപേക്ഷ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വില്ലേജ് അധികാരികളെ ചുമതലപ്പെടുത്തി. വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ കുറവ് കാരണമാണ് പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിൽ കാലതാമസം ഉണ്ടാക്കിയത്. നാല് ജീവനക്കാർ ഉള്ള വില്ലേജ് ആഫീസിൽ ഒരാളെ ദേശീയപാത സ്ഥലമെടുപ്പ് വിഭാഗത്തിലേക്ക് മാറ്റി. മറ്റൊരു ജീവനക്കാരൻ ദീർഘകാലഅവധിയിലുമാണ്.
പ്രാദേശിക സമിതി കൂടുന്നില്ല
ഡാറ്റാബാങ്കിലെ തെറ്റ് തിരുത്താൻ 83 അപേക്ഷയാണ് പ്രാദേശിക സമിതിയുടെ പരിഗണനയിലുള്ളത്. വില്ലേജ്, കൃഷി ഓഫീസർമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മൂന്ന് നെൽകർഷകർ എന്നിവർ ഉൾപ്പെട്ടതാണ് സമിതി. കൊവിഡിനെത്തുടർന്ന് മാസത്തിൽ ഒരിക്കൽ പോലും സമിതി കൂടാറില്ല. 2008 ആഗസ്റ്റ് 12ന് മുമ്പ് നികത്തിയിട്ടുള്ളത് പുരയിടമായി പരിഗണിക്കാൻ സർക്കാർ ഉത്തരവുണ്ട്. കൃഷി-റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡാറ്റാ ബാങ്കിലെ പിശക് തിരുത്തി നൽകാൻ സമിതിക്ക് ആർ.ഡി.ഒക്ക് ശുപാർശ ചെയ്യാം.
അപേക്ഷകൾ
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട് തിരുത്താനുള്ളത്:80
ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്തത്:37
"2008ന് മുമ്പുള്ള പുരയിടം ഡാറ്റാബാങ്കിൽ നിലമായി രേഖപ്പെടുത്തിയത് കൃഷി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ച് പ്രത്യേക പ്ളാൻ തയ്യാറാക്കി ആർ.ഡി.ഒയ്ക്ക് നൽകണം. കൊവിഡ് ഉൾപ്പെടെയുള്ള അധിക ജോലിയും ജീവനക്കാരുടെ കുറവും തടസമുണ്ടാക്കുന്നു. വൈകാതെ ആർ.ഡി.ഒക്ക് റിപ്പോർട്ട് കൈമാറും.
-വില്ലേജ് ആഓസർ, അമ്പലപ്പുഴ വടക്ക്
" കൊവിഡിനെ തുടർന്ന് പ്രാദേശിക സമിതി കൂടാത്തതിനാലാണ് നിലവിലുള്ള അപേക്ഷകൾ തീർപ്പാക്കാൻ കഴിയാത്തത്. 2008 ആഗസ്റ്റ് 12ന് മുമ്പുള്ള നികത്തുകൾക്ക് പുരയിടമായി അംഗീകാരം നൽകും. നിലവിലെ നിയമം അനുസരിച്ച് 2008ന് ശേഷം നടന്നിട്ടുള്ള ആധാരങ്ങൾ സമിതിക്ക് പരിഗണിക്കാൻ കഴിയില്ല.
- കൃഷി ആഫീസർ, അമ്പലപ്പുഴ വടക്ക്
"2018ലെ മഹാപ്രളയത്തിൽ വെള്ളം കയറി ഭിത്തികൾക്ക് വിള്ളലുണ്ടായി നിലംപൊത്താവുന്ന അവസ്ഥയിലാണ് വീട്. വീട് ലഭിക്കാൻ ലൈഫ് മിഷനിൽ അപേക്ഷ നൽകിയെങ്കിലും കരം അടച്ച രസീത് ഹാജരാക്കാൻ കഴിയാത്തതിനാൽ അപേക്ഷ നിരസിച്ചു. അപേക്ഷകൾ തീർപ്പാക്കി കരം അടക്കുന്നതിനുള്ള തീരുമാനം ഉണ്ടാക്കണം.
- ജയൻ, അപേക്ഷകൻ