
മാന്നാർ: ഗാന്ധിജിയെയും നെഹ്രുവിനെയും നേരിൽ കണ്ട 'മാന്നാർ ഗാന്ധി' മാന്നാർ കുരട്ടിക്കാട് മീനത്തേതിൽ വി.കെ അഴകൻ (98 ) അന്തരിച്ചു. ഗ്രന്‌ഥശാലാ പ്രവർത്തകൻ, പെൻഷനേഴ്സ് അസോസിയേഷൻ നേതാവ്, അദ്ധ്യാപകൻ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്നു.ഗാന്ധിജിയെപ്പോലെ വേഷം ധരിക്കുകയും ജീവിക്കുകയും ചെയ്തതോടെയാണ് അഴകന് മാന്നാർ ഗാന്ധി എന്ന വിളിപ്പേര് കിട്ടിയത്.
സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി ചെറുപ്പകാലത്ത് സ്‌കൂളിൽ പോകാതെ പ്രമുഖരുടെ പ്രസംഗം കേൾക്കുവാൻ പോവുന്നത് അഴകന്റെ ഇഷ്ട വിനോദമായിരുന്നു. വൈക്കം സത്യഗ്രഹം കഴിഞ്ഞ് മഹാത്മാഗാന്ധിയുടെ ചെങ്ങന്നൂർ സന്ദർശന വേളയിൽ ഓതറ മൈലാടുംപാറ സി.എം.എസ്.എൽ.പി സ്‌കൂളിൽ നാലാംക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന അഴകൻ ക്ലാസ് കട്ട്ചെയ്ത് പോയാണ് ഗാന്ധിജിയെ കണ്ടത്. ഇതിന്റെ പേരിൽ ഒരാഴ്ച സ്‌കൂളിൽ നിന്നും പുറത്താക്കി . അക്കാലത്തെ ഇന്റർമീഡിയറ്റും മെട്രിക്കും ഉയർന്ന മാർക്കോടെ പാസായി. 1947 ൽ മൂവാറ്റുപുഴ എൻ.എസ്.എസ് സ്‌കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അയർക്കുന്നം, ആലപ്പുഴ, പാവുക്കര, പുലിയൂർ, കുരട്ടിക്കാട് എന്നിവിടങ്ങളിലെ എൽ.പി സ്‌കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. 1982 ൽ മാന്നാർ കുരട്ടിക്കാട് ഈസ്റ്റ് വെൽഫെയർ സ്‌കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിച്ചു. സ്ഥിരമായി ഖദർ ധരിച്ചിരുന്ന അദ്ദേഹം മറ്റുള്ളവരെ ഖദർധരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചതിനു ശേഷം സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. സാംസ്കാരിക പരിപാടികളിൽ ഗാന്ധിജിയുടെ വേഷമിട്ടും അഴകൻ എത്തിയിരുന്നു.. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
പരേതയായ മാധവിയാണ് ഭാര്യ. മക്കൾ: ഗോപിനാഥൻ, ചന്ദ്രബോസ്( റിട്ട.മദ്ധ്യപ്രദേശ് ഇലക്ട്രിസിറ്റി ), മണിയൻ ( റിട്ട.മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ), രവീന്ദ്രൻ, ജെയിൻ (കെ.എസ്.ഇ.ബി മാന്നാർ). മരുമക്കൾ: കമലമ്മ, ശാന്തമ്മ, മണിയമ്മ, വിജയമ്മ, ജയലക്ഷ്മി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.